rahul-gandhi

കോണ്‍ഗ്രസിന്‍റെ തദ്ദേശ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നാളെ കൊച്ചിയില്‍. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ഇതോടെ തുടക്കമാകും. തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചവരും വിജയത്തിന് ചുക്കാന്‍ പിടിച്ചവരും മറൈന്‍ഡ്രൈവില്‍  നടക്കുന്ന മെഗാ സംഗമത്തില്‍ പങ്കെടുക്കും. 

 നാല് കോര്‍പറേഷനുകള്‍ നേടിയത് അടക്കം തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വമ്പന്‍ വിജയം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ആവേശമാകാന്‍ രാഹുല്‍ ഗാന്ധിയെത്തും. തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആത്മവിശ്വാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുകയാണ് ലക്ഷ്യം. കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും അടക്കം പ്രധാനനേതാക്കളെല്ലാം പങ്കെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചവരും വിജയോത്സവത്തിനെത്തും. 

വിജയോത്സവത്തോടെ നിയമസഭാ തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിലേയ്ക്ക് കോണ്‍ഗ്രസ് കടക്കും. സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ പൂര്‍ത്തിയാക്കും. കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയ നടപടികളും ആരംഭിക്കും. വോട്ടര്‍പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണവും സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധവും ശക്തമാക്കും.  തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12.45ന് കൊച്ചിയിലെത്തുന്ന രാഹുല്‍ ഗാന്ധി പ്രിയദര്‍ശിനി പുരസ്കാരം എം ലീലാവതിക്ക് സമ്മാനിച്ചശേഷമാണ് വിജയോത്സവത്തില്‍ പങ്കെടുക്കുക. വൈകീട്ട് മടങ്ങും.

ENGLISH SUMMARY:

Rahul Gandhi, the Leader of the Opposition in the Lok Sabha, is scheduled to visit Kochi tomorrow (January 19, 2026) to celebrate the UDF's massive victory in the local body elections. The 'Vijayotsavam' event at Marine Drive will officially kick off the Congress party's campaign for the upcoming 2026 Kerala Assembly elections. During his visit, Rahul Gandhi will also present the Priyadarshini Award to renowned scholar M. Leelavathy before addressing the mega gathering of winners and party workers. The party aims to use this momentum to finalize seat sharing and address concerns regarding the voter list revision, intensifying its protests against the state government.