യുഡിഎഫ് അധികാരത്തിൽ വന്നാൽ ഭരിക്കുന്നത് മുസ്‍ലിം ലീഗാവും എന്ന ആരോപണങ്ങളെ തടയാൻ ഒരുങ്ങുകയാണ് മുസ്‍ലിം ലീഗ്. യുഡിഎഫിന് ഭരണം ലഭിച്ചാൽ ഉപ മുഖ്യമന്ത്രിയാവാൻ ഇല്ലെന്നും ലീഗ് സമ്മർദ്ദ തന്ത്രങ്ങൾക്കില്ലെന്നും മനോരമ ന്യൂസ് നേരെ ചൊവ്വേയില്‍ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
2011 ൽ വെറും രണ്ട് എംഎൽഎമാരുടെ ഭൂരിപക്ഷത്തിൽ സർക്കാർ രൂപീകരിച്ച ഉമ്മൻചാണ്ടി മുസ്‍ലിംലീഗിന് ഉപ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ട് വേണ്ടെന്നുവച്ചത് വെളിപ്പെടുത്തിയാണ് ലീഗിന് ഒട്ടും അധികാരമോഹം ഇല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ഭരിക്കുക ലീഗാവുമെന്ന വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവരുടെ പ്രസ്താവനകളെ ലീഗ് ശ്രദ്ധാപൂർവ്വമാണ് വീക്ഷിക്കുന്നത്. സീറ്റ് വച്ചു മാറ്റത്തിന്‍റെ കാര്യത്തിലും അധിക സീറ്റുകളുടെ കാര്യത്തിലും പിടിവാശിക്കില്ലെന്നാണ് ലീഗ് നിലപാട്. വിദ്യാഭ്യാസ വകുപ്പ് അടക്കം പ്രധാന വകുപ്പുകൾ എല്ലാം ലീഗ് കൈവശം വയ്ക്കുന്നത് കൊണ്ട് ക്രൈസ്തവർക്ക് കൂടുതലൊന്നും പ്രതീക്ഷിക്കാൻ ഇല്ലെന്ന് ആരോപണങ്ങൾക്കും മറുപടിയുണ്ട്.
ഇപ്രാവശ്യം അധികാരത്തിൽ വന്നാലും രാഷ്ട്രീയ ബലാബലത്തിന്‍റെ പേരിൽ സമൂഹത്തിൽ ഉച്ചനീചത്വവും ചേരിതിരിവും ഉണ്ടാക്കുന്ന ഒരു നീക്കവും നടത്തില്ലെന്ന് പ്രചാരണത്തിൽ ബോധ്യപ്പെടുത്തുക കൂടിയാണ് മുസ്‍ലിം ലീഗ്.