പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി മാധ്യമങ്ങളുടെ കണ്ണിൽപ്പെടാതെ പെട്ടെന്ന് മടങ്ങിയ കൊടിക്കുന്നിൽ സുരേഷ് സംഭവം വാർത്തയായതോടെ വീണ്ടുമെത്തി. മാധ്യമങ്ങളെ കണ്ടതോടെ എൻഎസ്എസ് ജനറൽ സെക്രട്ടറിയെ കാണാതെ റിവേഴ്സ് ഗിയർ ഇട്ട് മടങ്ങുകയായിരുന്നു ആദ്യം. കുളിച്ച് ഒരുങ്ങി വസ്ത്രം മാറി വരാനാണ് മടങ്ങിയതെന്നായിരുന്നു കൊടിക്കുന്നിലിന്‍റെ പ്രതികരണം.
Also Read: ‘അയാളൊരു നേതാവാണോ?’; സതീശനെതിരെ സുകുമാരന്‍ നായരും; വെള്ളാപ്പള്ളിക്ക് പിന്തുണ
സമയം വൈകിട്ട് 6.15. എൻഎസ്എസ് ജനറൽ സെക്രട്ടറിയെ കാണാൻ മുഖ്യമന്ത്രി വരുമെന്ന പ്രതീക്ഷയിൽ കാത്തു നിൽക്കുന്ന മാധ്യമപ്രവർത്തകർക്ക് മുൻപിൽ പെട്ടെന്ന് എത്തിയത് എംപി ബോർഡ് വെച്ച കാർ. അകത്ത് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നിൽ സുരേഷുണ്ട്. കവാടം കടന്ന് 50 മീറ്ററോളം മുന്നിൽ വന്നു. അപ്പോഴാണ് മാധ്യമങ്ങളെ കണ്ടത്. കാർ പെട്ടെന്ന് നിന്നു. അഞ്ച് സെക്കൻഡ് നേരം പിന്നെ അനക്കമില്ല. കൊടിക്കുന്നിൽ ഇറങ്ങിയുമില്ല. ഉടൻ റിവേഴ്സ് ഗിയറിട്ട് വന്ന അതേ സ്പീഡിൽ മടക്കം.
വന്നിട്ട് ജനറൽ സെക്രട്ടറിയെ കാണാതെ മടങ്ങിയതെന്തേ എന്ന ചോദ്യത്തിന് പ്രത്യേക ദൗത്യവുമായി എത്തിയതല്ലെന്ന് ഫോണിലൂടെയുള്ള മറുപടി. മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ എൻഎസ്എസ് സെക്രട്ടറിയെ കണ്ടാൽ മറ്റു രീതിയിൽ വ്യാഖ്യാനം ഉണ്ടാകുമെന്നും കൂട്ടിച്ചേർന്നു. വരവും പോക്കും വാർത്തയായതോടെ കൊടിക്കുന്നിൽ ഒരു മണിക്കൂറിനു ശേഷം വീണ്ടുമെത്തി.
ഏതായാലും എൻഎസ്എസും എസ്എൻഡിപിയും സഹകരിക്കാമെന്ന് തീരുമാനിച്ച, എൻഎസ്എസ് ജനറൽ സെക്രട്ടറി പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ തിണ്ണ നിരങ്ങുന്നെന്ന് വിമർശിച്ച അതേ ദിവസമാണ് കൊടിക്കുന്നിലിന്റെ പെരുന്നയിലെ പെട്ടെന്നുള്ള വരവും പോക്കുമെന്നതാണ് ശ്രദ്ധേയം.