നിയമസഭ തിരഞ്ഞെടുപ്പിലും ലീഗിനുള്ളില്‍ ടേം വ്യവസ്ഥ നടപ്പിലാക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ്. യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പിക്കാനായി ആറു സീറ്റുകള്‍ നല്‍കണമെന്നും യൂത്ത് ലീഗ് പ്രവര്‍ത്തക സമിതിയോഗത്തില്‍ ആവശ്യമുയര്‍ന്നു. ലീഗ് 30 സീറ്റുകള്‍ ആവശ്യപ്പെടണമെന്നാണ് യൂത്ത് ലീഗിലെ പൊതു അഭിപ്രായം
മൂന്ന് ടേം വ്യവസ്ഥ നിയമസഭ തെരഞ്ഞെടുപ്പിലും ഉണ്ടാകണമെന്നാണ് യൂത്ത് ലീഗിന്‍റെ ആവശ്യം പി.കെ കുഞ്ഞാലിക്കുട്ടി,എം.കെ മുനീര്‍ തുടങ്ങി നയിക്കുന്ന നേതാക്കള്‍ക്ക് ഒഴികെ ആര്‍ക്കും ഇളവ് അനുവദിക്കരുത്. മൂന്ന് ടേം വ്യവസ്ഥ നടപ്പിലാക്കിയതോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കളുടെ പ്രാതിനിധ്യം വര്‍ധിച്ചുവെന്നും യൂത്ത് ലീഗ് പ്രവര്‍ത്തക സമിതിയോഗം വിലയിരുത്തി. ആറു സീറ്റുകളെങ്കിലും യൂത്ത് ലീഗിന് ലഭിക്കണം.
പി.കെ ഫിറോസ്, പി.ഇസ്മയില്‍,മുജീബ് കാടേരി തുടങ്ങിയ യൂത്ത് ലീഗ് നേതാക്കള്‍ക്ക് ജയം ഉറപ്പിക്കുന്ന സീറ്റുകള്‍ നല്‍കണമെന്നും മുനവറലി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇത്തവണ ലീഗ് മുപ്പത് സീറ്റുകളില്‍ മത്സരിക്കണമെന്നാണ് യൂത്ത് ലീഗിന്‍റെ പൊതുവികാരം കല്‍പ്പറ്റ പട്ടാമ്പി തുടങ്ങിയ സീറ്റുകള്‍ ആവശ്യപ്പെടണമെന്നും ഗുരുവായൂര്‍ സീറ്റ് വിട്ടു നല്‍കരുതെന്നുമാണ് അഭിപ്രായം. ആവശ്യങ്ങള്‍ പ്രമേയത്തിലൂടെ ലീഗ് നേതൃത്വത്തിന് മുന്‍പില്‍ വയ്ക്കാനാണ് യൂത്ത് ലീഗിന്‍റെ തീരുമാനം.