ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തിനിടെയും കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനെ തന്നെ മല്‍സരിപ്പിക്കാന്‍ സിപിഎം ധാരണ. മല്‍സരിപ്പിച്ചില്ലെങ്കില്‍ മണ്ഡലം നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍. കേസില്‍ തന്ത്രി അറസ്റ്റിലായതും യുഡിഎഫ് കാലത്തും ക്രമക്കേടുണ്ട് എന്നതുമാണ് കടകംപള്ളിയെ മാറ്റേണ്ടതില്ലെന്ന നിലപാടിലേക്ക് സിപിഎം എത്താന്‍ കാരണം. എംഎല്‍എമാര്‍ക്ക് രണ്ടു ടേം വ്യവസ്ഥയില്‍ ഇടവ് നല്‍കുമ്പോള്‍ ശബരിമല കേസില്‍ ചോദ്യം ചെയ്യപ്പെട്ട കടകംപള്ളി സുരേന്ദ്രന് ഇളവ് നല്‍കണമോ എന്നതില്‍ സിപിഎമ്മിന് ആശയകുഴപ്പമുണ്ടായിരുന്നു. ചോദ്യം ചെയ്തതോടെ കടംപള്ളി അറസ്റ്റിലാകുമോ എന്ന സംശയവും ഉയര്‍ന്നു. ഇതായിരുന്നു കടകംപള്ളിക്ക് ഇളവ് നല്‍കുന്നതില്‍ സിപിഎമ്മിന് ആശയകുഴപ്പമുണ്ടാക്കിയിരുന്നത്. എന്നാല്‍ കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര്‍ അറസ്റ്റിലായതോടെ പാര്‍ട്ടിക്ക് വലിയ രാഷ്ട്രീയ ആശ്വാസമാണുണ്ടായത്.
വാജി വാഹനത്തിന്‍റെ കേസില്‍ തന്ത്രി മാത്രമല്ല യുഡിഎഫ് നിയമിച്ച് ദേവസ്വം ബോര്‍ഡും സംശയനിഴലിലാണ്. ഇതോടെയാണ് ശബരിമലക്കേസില്‍ സീറ്റ് നിഷേധിച്ച് കടകംപള്ളിയെ ബലിയാടാക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സിപിഎം എത്തുന്നത്. കഴക്കൂട്ടം മണ്ഡലത്തില്‍ കടകംപളളിയല്ലാതെ മറ്റൊരു സ്ഥാനാര്‍ഥിക്ക് തലക്കാലം വിജയസാധ്യതയില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. ബിജെപിക്ക് വേണ്ടി വി.മുരളീധരന്‍ മല്‍സരിക്കാനിറങ്ങുന്ന കഴക്കൂട്ടത്ത് കടകംപള്ളിയെ നിര്‍ത്തിയില്ലെങ്കില്‍ സീറ്റ് ബിജെപി കൈക്കലാക്കുമെന്ന് വിലയിരുത്തലും സിപിഎമ്മിനുണ്ട്. ശബരിമല ക്കേസില്‍ പ്രത്യേക അന്വേഷണ സംഘം കടംകള്ളിയെ അറസ്റ്റു ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ മാത്രമേ മറ്റൊരു സ്ഥാനാര്‍ഥിയെപ്പറ്റി സിപിഎം ആലോചിക്കുകയുള്ളൂ.
ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്ന സമയത്ത് കടകംപള്ളി സുരേന്ദ്രനായിരുന്നു ദേവസ്വംമന്ത്രി. ഇതേ കാലത്ത് ദേവസ്വം ഭാരവാഹികളായിരുന്നവരില്‍ രണ്ടുപേര്‍ അറസ്റ്റിലുമാണ്. കൃത്യം നടന്നകാലത്തെ മന്ത്രിയെന്ന നിലയില്‍ തനിക്ക് പറയാനുള്ളത് അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം കടകംപള്ളിയുടെ മറുപടി. ബോര്‍ഡെടുക്കുന്ന എല്ലാ തീരുമാനങ്ങളും മന്ത്രി അറിയാറില്ലെന്നും സ്വര്‍ണം പൂശലില്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം മൊഴി നല്‍കിയിരുന്നു. സ്പോണ്‍സറെന്ന നിലയില്‍ മാത്രമാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പരിചയമുള്ളതെന്നും മറ്റിടപാടുകളൊന്നും ഇല്ലെന്നും കടകംപള്ളി വിശദീകരിക്കുകയും ചെയ്തിരുന്നു. സ്വര്‍ണക്കള്ളനെന്ന് തന്നെ ആക്ഷേപിക്കുന്നതില്‍ കടുത്ത മനോവിഷമം ഉണ്ടെന്നും ക്രമക്കേട് ചെയ്തിട്ടില്ലെന്നും അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു.