പിണറായി വിജയന്‍, എം.വി.ഗോവിന്ദന്‍
തദ്ദേശതിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടി നേരിടാനുള്ള തെറ്റുതിരുത്തലിന്‍റെ ഭാഗമായി ഗൃഹസന്ദര്‍ശനം നടത്തുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പെരുമാറ്റച്ചട്ടവുമായി സിപിഎം. വീടുകളിലെത്തുമ്പോള്‍ ജനങ്ങളുമായി തര്‍ക്കിക്കാന്‍ നില്‍ക്കരുതെന്നും ജനങ്ങള്‍ പറയുമ്പോള്‍ ഇടക്ക് കയറി സംസാരിക്കരുതെന്നും പാര്‍ട്ടി സഖാക്കള്‍ക്ക് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കുന്നു. തെറ്റുതിരുത്താന്‍ പോകുന്നവര്‍ പാര്‍ട്ടിയെ കുഴപ്പത്തിലാക്കരുതെന്ന സന്ദേശമാണ് സിപിഎം താഴെത്തട്ടിലേക്ക് നല്‍കന്നത്.
ജനങ്ങളെ കൂടുതല്‍ പാര്‍ട്ടിയോട് അടുപ്പിക്കുന്നതിന്‍റെ ഭാഗമായും തുടര്‍ഭരണം ലക്ഷ്യമിട്ടുമാണ് സിപിഎം നേതാക്കള്‍ വീടുകള്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ.ബേബി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, മന്ത്രിമാര്‍ തുടങ്ങി പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി വരെ ജനങ്ങളുടെ മനസറിയാന്‍ വീടുകളിലേക്ക് എത്തുന്നുണ്ട്. ഇങ്ങനെ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ പുലര്‍ത്തേണ്ട പെരുമാറ്റരീതി എങ്ങനെ വേണം എന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം സര്‍ക്കുലറായി നിര്‍ദേശിക്കുന്നത്.
ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ക്ഷമാപൂര്‍വം വേണം മറുപടി നല്‍കേണ്ടത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ചോദ്യങ്ങളുയര്‍ന്നാല്‍ പത്മകുമാറിന്‍റെ തെറ്റ് മനസിലായാല്‍ ഉചിതമായ സമയത്ത് നടപടിയുണ്ടാകും എന്നു വേണം ജനങ്ങളോട് വിശദീകരിക്കാന്‍ എന്നും പാര്‍ട്ടി നിര്‍ദേശിക്കുന്നു. ആര്‍എസ്എസിനെതിരായ വിമര്‍ശങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരെ അല്ലെന്നും ജമാ അത്തെ ഇസ്ലാമിക്കെതിരായ വിമര്‍ശനം മുസ്ലിംകള്ക്കെതിരെ അല്ലെന്നും ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ വിശദീകരിക്കുന്നു. ഗൃഹസമ്പര്‍ക്ക പരിപാടിയില്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ പാര്‍ട്ടി നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ അറിയിക്കും.