കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പാര്‍ട്ടി നിലപാട് ചെയര്‍മാന്‍ പറ‍ഞ്ഞിട്ടുണ്ടെന്നും മണിക്കൂറുതോറും മാറ്റിപ്പറയുന്ന സ്വഭാവം പാര്‍ട്ടിക്കില്ലെന്നും മന്ത്രി പറഞ്ഞു. നിര്‍ണായക സ്റ്റിയറിങ് കമ്മിറ്റി യോഗം നടക്കാനിരിക്കെയാണ് റോഷിയുടെ പ്രതികരണം.  'ഞങ്ങളെയോര്‍ത്ത് ആരും കരയേണ്ടെ'ന്നും എല്‍ഡിഎഫില്‍ തുടരുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ പ്രതികരണം. എല്‍ഡിഎഫില്‍ എന്തെങ്കിലും അതൃപ്തിയോ അഭിപ്രായ വ്യത്യാസങ്ങളോ കേരള കോണ്‍ഗ്രസ് എമ്മിനുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതേയുള്ളവെന്നാണ് എല്‍ഡിഎഫ് നിലപാട്. ഇനി സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ മുന്നണി മാറാനുള്ള ആവശ്യം ഉയര്‍ന്നാലും റോഷിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം എതിര്‍ക്കുമെന്നാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷ. 

ആശങ്ക മൂലം യുഡിഎഫ് മറ്റു പാര്‍ട്ടികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും വിസ്മയത്തിന് ശ്രമിക്കുന്നത് അടിത്തറ ഭദ്രമല്ലാത്തതിനാലാണെന്നുമായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍റെ പ്രതികരണം. വിസ്മയങ്ങളുണ്ടാകുമെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന യുഡിഎഫിന്‍റെ ദയനീയ സ്ഥിതി വെളിവാക്കുന്നുവെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബിയുടെ പ്രതികരണം. കുറേ പാര്‍ട്ടികളെ കൂടെ ഒപ്പം കൂട്ടിയാലേ യുഡിഎഫിന് പ്രതീക്ഷയോടെ തിരഞ്ഞെടുപ്പിലേക്ക് പോകാന്‍ കഴിയുകയുള്ളൂവെന്നതാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും തനിച്ച് ജയിക്കാന്‍ കരുത്തില്ലെന്നും എം.എ.ബേബി പരിഹസിച്ചു. വി.ഡി.സതീശന്‍റെ അവകാശവാദം ഒരിക്കല്‍ ചക്ക വീണപ്പോള്‍ മുയല്‍ ചത്തതു പോലെയാണെന്ന് ബിനോയ് വിശ്വവും പറഞ്ഞു.

കേരള കോണ്‍ഗ്രസ് എമ്മിന് മുന്നില്‍ വാതില്‍ അടയ്ക്കില്ലെന്നാണ് യുഡിഎഫിന്‍റെ തീരുമാനം. കേരള കോണ്‍ഗ്രസിന്‍റെ അണികളും പ്രവര്‍ത്തകരും യുഡിഎഫിനൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിനെ മറികടന്ന് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും കേരള കോണ്‍ഗ്രസ് എം ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടാല്‍ കോണ്‍ഗ്രസ് സ്വീകരിക്കാതിരിക്കില്ലെന്നും കെ.സി.വേണുഗോപാലും നേരത്തെ വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ പാലായില്‍ നിന്ന് മാണി സി.കാപ്പനെ ഒഴിവാക്കിയുള്ള നീക്കുപോക്ക് ഉണ്ടാകില്ലെന്ന സൂചനയാണ് അടൂര്‍ പ്രകാശടക്കമുള്ള നേതാക്കള്‍ നല്‍കിയത്. ജോസുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും മാധ്യമസൃഷ്ടി മാത്രമാണ് നിലവിലെ വാര്‍ത്തകളെന്നുമായിരുന്നു യുഡിഎഫ് കണ്‍വീനറുടെ വാദം. കോണ്‍ഗ്രസ് ആരുടെയും പിന്നാലെ പോകാനില്ലെന്നും താല്‍പര്യമുള്ളവര്‍ വന്നാല്‍ സ്വീകരിക്കുമെന്നും മുതിര്‍ന്ന നേതാക്കളും പറയുന്നു.

ENGLISH SUMMARY:

Minister Roshy Augustine has firmly dismissed speculations about Kerala Congress (M) shifting its alliance to the United Democratic Front (UDF). Speaking ahead of the party's crucial steering committee meeting on January 16, 2026, he emphasized that the party does not change its stance frequently and remains committed to the Left Democratic Front (LDF). This statement follows party chairman Jose K. Mani’s clarification that there is no plan to leave the LDF, despite rumors of invitations from the Congress high command. LDF leaders, including MA Baby and TP Ramakrishnan, have mocked the UDF's claims of a "miracle" alignment, calling it a sign of the opposition's political desperation. While the UDF leadership, including KC Venugopal, maintains that their doors are open, internal resistance regarding seats like Pala remains a challenge. The upcoming meeting in Kottayam is expected to clear the air regarding the party's strategy for the 2026 Kerala Assembly elections. Roshy Augustine's unwavering support for the LDF signals a potential internal divide if a section of the party pushes for a return to the UDF.