രമേശ് ചെന്നിത്തല (വലത്ത്) കെ.സി.വേണുഗോപാല്‍, വി.ഡി.സതീശന്‍ എന്നിവരുമായി ചര്‍ച്ചയില്‍
യുഡിഎഫ് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ പിന്നാലെ പോകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ആരുടെയും പിന്നാലെ പോയിട്ടില്ല. കേരള കോണ്‍ഗ്രസ് എം ഇല്ലാതെ തന്നെ തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉജ്വലവിജയം നേടി. വരുന്ന തിരഞ്ഞെടുപ്പുകളിലും അവരില്ലാതെ വിജയിക്കാനാകുമെന്നും ചെന്നിത്തല പറഞ്ഞു.
സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നവര്‍ എങ്ങനെ വര്‍ഗവഞ്ചകരാകുമെന്ന് ചെന്നിത്തല ചോദിച്ചു. അവരെ അങ്ങനെ വിശേഷിപ്പിക്കുന്നത് ഇരട്ടത്താപ്പാണ്. യുഡിഎഫിലേക്ക് കൂടുതല്‍ പേര്‍ വരുന്നതിന്‍റെ അസ്വസ്ഥതയാണ് സിപിഎമ്മിന്. ഒരുമാറ്റത്തിന് സമയമായിരിക്കുന്നു എന്ന ജനങ്ങളുടെ തിരിച്ചറിവാണ് യുഡിഎഫിലേക്ക് കൂടുതലാളുകള്‍ വരാന്‍ കാരണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സിപിഎം നടത്തുന്ന ഗൃഹസന്ദര്‍ശനം പാഴ്‌വേലയാണെന്നും അദ്ദേഹം പരിഹസിച്ചു.
കേരള കോണ്‍ഗ്രസ് എം താല്‍പര്യപ്പെട്ടാല്‍ അവര്‍ക്കായി യുഡിഎഫ് വാതില്‍ തുറക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. യുഡിഎഫിന്‍റെ ഭാഗമാകണമെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ അണികളും അവരെ പിന്തുണയ്ക്കുന്നവരും ആഗ്രഹിക്കുന്നത്. ആ വികാരം കാണാതെ മുന്നോട്ടുപോകാന്‍ അവര്‍ക്ക് കഴിയുമോ എന്നും കെ.സി.വേണുഗോപാല്‍ ചോദിച്ചു. കേരള കോണ്‍ഗ്രസിന്‍റെ വോട്ടുബാങ്ക് യുഡിഎഫിനൊപ്പമെത്തിയതിന് തെളിവാണ് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മുന്നണി നേടിയ വിജയമെന്നും വേണുഗോപാല്‍ പറഞ്ഞു.