ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്ന് പി.പി.ദിവ്യയെ ഒഴിവാക്കി. സംസ്ഥാന ജോയിൻ സെക്രട്ടറി സ്ഥാനത്തു നിന്നാണ് മാറ്റിയത്. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ പ്രതിയായ ദിവ്യയെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്നും ഇരിണാവ് ബ്രാഞ്ചിലേക്ക് നേരത്തെ തരംതാഴ്ത്തിയിരുന്നു. 

സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് സൂസൻ കോടിയെയും മാറ്റി. കരുനാഗപ്പള്ളിയിലെ പാർട്ടി സമ്മേളനത്തിന്‍റെ ഭാഗമായുള്ള വിഭാഗിയതയുടെ പേരിൽ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്നും സൂസൻ കോടിയെ ഒഴിവാക്കിയിരുന്നു. കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്.സലീഖയാണ് പുതിയ പ്രസിഡന്‍റ്. സെക്രട്ടറി സ്ഥാനത്ത് സി.എസ്.സുജാത തുടരും. ഇ.പത്മാവതിയെ ട്രഷററായി തിരഞ്ഞെടുത്തു.

പി.പി.ദിവ്യ ആവശ്യപ്പെട്ടതിനനുസരിച്ചാണ് ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയതെന്നും മൂന്ന് തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത് കണക്കിലെടുത്താണ് സൂസൺ കോടിയെ മാറ്റിയത് എന്നും അഖിലേന്ത്യാ അധ്യക്ഷ പി.കെ.ശ്രീമതി പറഞ്ഞു. അതേസമയം, പി.പി.ദിവ്യയെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിപി‌എം സംസ്ഥാന നേതൃത്വം മഹിളാ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ENGLISH SUMMARY:

Janadhipathya Mahila Association leadership changes have been announced, removing P.P. Divya. Susan Kody has also been replaced, with K.S. Saleekha appointed as the new president.