അയിഷ പോറ്റി കോൺഗ്രസിൽ ചേർന്നത് തിരിച്ചടിയായെന്ന് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. ഇന്നലെ മുഖ്യമന്ത്രി കൂടി പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിലയിരുത്തൽ. പ്രതിരോധ പരിപാടികൾ സംഘടിപ്പിക്കണമെന്നും സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം.
പുറമേക്ക് പ്രശ്നമില്ലെന്ന് പറയുന്നെങ്കിലും കൊല്ലത്ത് സിപിഎമ്മിനെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട് ഐഷ പോറ്റിയുടെ കോൺഗ്രസിലേക്കുള്ള വരവ്. പാർട്ടി വിട്ടതിന് പിന്നാലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൂടി പങ്കെടുത്തത് ഐഷ പോറ്റിയുടെ കൂറുമാറ്റം കൂടി കണക്കിലെടുത്താണ്. പാർട്ടിയുടെ ജനപ്രിയ മുഖം ആയിരുന്ന ഐഷ പോറ്റി പാർട്ടി വിട്ടത് തിരിച്ചടിയായി എന്നുള്ളത് ജില്ലാ കമ്മിറ്റി വിലയിരുത്തി. ഇത് മനസ്സിലാക്കി പ്രതിരോധ പരിപാടികൾ ഊർജ്ജിതമായി നടപ്പാക്കാനാണ് ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി.
രാജിവച്ചതിന് പിന്നാലെ അന്ന് രാത്രി തന്നെ കൊട്ടാരക്കര നെടുവത്തൂർ ഏരിയ കമ്മിറ്റികൾ സംയുക്തയോഗം ചേർന്ന് ഐഷ പോറ്റിയ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. രണ്ട് ഏരിയ കമ്മിറ്റികളിലും അംഗങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട് എൽഡിഎഫ് തലത്തിൽ പ്രവർത്തക സമ്മേളനങ്ങൾ വിളിക്കും 19ന് മുഖ്യമന്ത്രി കൂടി പങ്കെടുക്കുന്ന കൊട്ടാരക്കരയിൽ നടക്കുന്ന സർക്കാർ പരിപാടി പാർട്ടിയുടെ ശക്തി പ്രകടനമായി മാറ്റണമെന്ന് നിർദ്ദേശമുണ്ട്. അതേസമയം തന്നെ ഐഷാപോറ്റിയെപ്പോലെ പൊതു സ്വീകാര്യതയുള്ള നേതാവ് പാർട്ടിയെ ഉപേക്ഷിക്കാനുള്ള സാഹചര്യം സൃഷ്ടിക്കരുതായിരുന്നു എന്ന വികാരവും സിപിഎമ്മിൽ ശക്തമാണ്.