അഭ്യൂഹങ്ങള്‍ക്കിടെ  കേരള കോണ്‍ഗ്രസ് (എം)  എല്‍ഡിഎഫ് വിടില്ലെന്ന് ഉറപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍. തന്റെ ഫെയ്സ്ബുക്ക് പേജില്‍ എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ‘തുടരും’ എന്ന വാചകം പോസ്റ്റ് ചെയ്താണ് റോഷി നിലപാട് വ്യക്തമാക്കിയത്. കേരള കോണ്‍ (എം) മുന്നണി വിടില്ലെന്നും സോണിയ ഗാന്ധി വിളിച്ചതായി ആരും പറ‍ഞ്ഞില്ലെന്നും റോഷി വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി ക്യാപ്റ്റനാകും. എല്ലാം ചെയര്‍മാന്‍ പറയുമെന്നും റോഷി മനോരമ ന്യൂസിനോടു പറഞ്ഞു

Also Read: കുറ്റ്യാടി വേണ്ട, പേരാമ്പ്ര മതി; സീറ്റ് ആവശ്യത്തിൽ നിലപാട് മാറ്റി കേരള കോൺഗ്രസ് എം


കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫ് വിടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിയാണ് റോഷിയുടെ പോസ്റ്റ്. തിരുവനന്തപുരത്തെ സമരത്തില്‍ ജോസ് കെ മാണി പങ്കെടുത്തിരുന്നില്ല.  തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇടതുമുന്നണി നടത്തുന്ന മധ്യമേഖലാ ജാഥയുടെ ക്യാപ്്റ്റന്‍ സ്ഥാനം ഒഴിയുമെന്നും അഭ്യൂഹമുണ്ടായിരുന്നു. അതേസമയം, ജോസ് കെ മാണിയെ സോണിയ വിളിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. 

തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ കേരള കോൺഗ്രസ് (എം). യുഡിഎഫിനോട് അടുക്കാൻ സാധ്യത തേടുന്നതായി മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്ത വന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിൽക്കണമെന്ന ആവശ്യം പാർട്ടി പ്രവർത്തകരിൽ നിന്നുയരുകയും അതുണ്ടാക്കുന്ന സമ്മർദം നേതാക്കളിലെത്തുകയും ചെയ്തിരുന്നു. പാർട്ടിനേതാക്കളോട് അടുപ്പമുള്ള സമുദായ നേതൃത്വം വഴി ഇക്കാര്യം യുഡിഎഫിനെ ധരിപ്പിച്ചതായി സൂചനയുണ്ട്. സമുദായ നേതൃത്വവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്നും പിന്തുണച്ചുപോന്ന വിഭാഗങ്ങളുടെയും സമുദായ നേതൃത്വത്തിന്റെയും ഉറച്ച സഹായം ലഭിച്ചാലേ  ജയിക്കാനാകൂവെന്നും  പാർട്ടി എംഎൽഎമാരിൽ ചിലർ കരുതുന്നു. എൽഡിഎഫിനൊപ്പം നിന്നു തിരഞ്ഞെടുപ്പിനെ നേരിട്ടാൽ ആ പിന്തുണ ലഭിച്ചേക്കില്ലെന്ന് ഇവർക്ക് ആശങ്കയുണ്ട്.

നിലവിൽ പാർട്ടിക്കുള്ള 5 സിറ്റിങ് സീറ്റുകൾ, മലബാറിലൊരു സീറ്റ് എന്നിവ നൽകാൻ യുഡിഎഫ് തയാറായാൽ ചിലപ്പോൾ മുന്നണി മാറ്റത്തിനു സാധ്യത തെളിഞ്ഞേക്കാം. ഈ ആവശ്യങ്ങൾ യുഡിഎഫ് അംഗീകരിച്ചാൽ പാലാ, കടുത്തുരുത്തി സീറ്റുകളിൽ  അവകാശമുന്നയിക്കാതെയുള്ള സമവാക്യത്തെക്കുറിച്ചും ചർച്ചയുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചു കോൺഗ്രസ് ഹൈക്കമാൻഡിൽ നിന്നുള്ള ഉറപ്പും ആവശ്യപ്പെട്ടേക്കും. 

വിലപേശൽ പാടില്ലെന്നും മുന്നണി പ്രവേശനത്തിനുള്ള സാധ്യത തേടി കേരള കോൺഗ്രസ് (എം) സമീപിച്ചാൽ ഒപ്പംകൂട്ടാമെന്നും യുഡിഎഫിലും ആലോചനയുണ്ട്. മുന്നണിക്കൊപ്പം ഉറച്ചുനിൽക്കുന്ന പി.ജെ.ജോസഫിനെ പിണക്കാതെ ജോസ് കെ.മാണിയുമായി സഹകരിക്കുന്നതിന്റെ സാധ്യതയാണു മുന്നണി നേതൃത്വം പരിശോധിക്കുന്നത്. ഇടനിലക്കാർ മുഖേന ഇരുകൂട്ടരും അനൗദ്യോഗികമായി സംസാരിച്ചതായാണു വിവരം. കഴിഞ്ഞ മുന്നണിയോഗത്തിൽ ജോസ് കെ.മാണി പങ്കെടുത്തിരുന്നില്ല.  സ്റ്റീഫൻ ജോർജാണ് പാർട്ടിയെ പ്രതിനിധീകരിച്ചത്. 

ENGLISH SUMMARY:

Kerala Congress (M) maintains its alliance with LDF. Minister Roshi Augustine confirmed that the party will not leave LDF, dismissing rumors of a potential shift to UDF amidst speculation about the upcoming elections.