സോണിയ ഗാന്ധി, ജോസ് കെ മാണിയെ ഫോണിൽ വിളിച്ചെന്ന വാർത്തകൾ തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം. സോണിയ ഗാന്ധി ഒരുതരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ല. സീറ്റുകളിൽ ഉപാധി വെക്കാതെ വന്നാൽ ജോസ് കെ മാണിയെ സ്വീകരിക്കാം എന്നുമാണ് ഹൈക്കമാൻഡ് നിലപാട്. കേരള കോൺഗ്രസ് യുഡിഎഫിലേക്ക് വരാൻ തീരുമാനിച്ചാൽ കോൺഗ്രസ് തീരുമാനമെടുക്കുമെന്നും ആര് കൂടെച്ചേരാൻ ആഗ്രഹിച്ചാലും ചർച്ച ചെയ്യുമെന്നും കെ.സി വേണുഗോപാൽ പ്രതികരിച്ചു.
ജോസ് കെ മാണിയെ യുഡിഎഫിൽ എത്തിക്കാൻ സോണിയ ഗാന്ധി ഇടപെട്ടെന്ന റിപ്പോർട്ടുകളെ പൂർണ്ണമായി തള്ളുകയാണ് കോൺഗ്രസ് ദേശീയ നേതൃത്വം. കേരളമെന്നല്ല ഒരു സംസ്ഥാനത്തെയും തിരഞ്ഞെടുപ്പ് ചർച്ചകളിൽ സോണിയ ഗാന്ധി ഇടപെടാറില്ല. ഒരാഴ്ചയായി ആശുപത്രിയിലായിരുന്ന സോണിയ ഗാന്ധി മിനിഞ്ഞാന്ന് വസതിയിൽ എത്തിയ ശേഷവും പൂർണ്ണ വിശ്രമത്തിലാണ്. ഇക്കാര്യങ്ങളിലെല്ലാം സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുത്ത് ഹൈക്കമാന്റിനെ അറിയിക്കേണ്ടത് എന്നുമാണ് ദേശീയ നേതൃത്വത്തിന്റെ പ്രതികരണം. സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും ഇക്കാര്യം ആവർത്തിച്ചു.
ജോസ് കെ മാണി UDF ലേക്ക് വരുന്നതിനോട് ഹൈക്കമാൻഡിന് അനുകൂല നിലപാടാണ്. കൂടുതൽ കക്ഷികൾ വരുന്നത് യുഡിഎഫ് അധികാരത്തിലേക്ക് എന്ന പ്രതീതി സൃഷ്ടിക്കും..പക്ഷേ സീറ്റുകളുടെ കാര്യത്തിൽ ഉപാധി വയ്ക്കരുത്. കോൺഗ്രസിന്‍റെ സീറ്റുകൾ വിട്ടുകൊടുക്കാൻ പാർട്ടിക്ക് താൽപര്യമില്ല. ജോസഫിനെ പിണക്കാതെ വേണം ജോസിനെ എടുക്കാനെന്നുമാണ് ഹൈക്കമാൻഡ് നിലപാട്. ഇക്കാര്യം പിസിസിയെ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്താൻ 16 ന് ഹൈക്കമാൻഡ് വിളിച്ച യോഗത്തിന് ശേഷം കേരള നേതാക്കൾ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും രാഹുൽ ഗാന്ധിയെയും പ്രത്യേകം കണ്ട് ഇക്കാര്യങ്ങൾ ചർച്ച ചെയ്യും. സ്ഥാനാർഥി നിർണയത്തിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ, പ്രചാരണ വിഷയങ്ങൾ, എകോപനം തുടങ്ങിയ സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകാനാണ് ഹൈക്കമാൻഡ് യോഗം വിളിച്ചിട്ടുള്ളത്.