ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി.വസീഫ്, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എം.ശിവപ്രസാദിനെ ഉള്‍പ്പടെ മല്‍സരിപ്പിക്കാനൊരുങ്ങി സിപിഎം. എന്നാല്‍ DYFI സംസ്ഥാന സെക്രട്ടറി വി.കെ.സനോജിനെ മല്‍സരിപ്പിക്കുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല. ചിന്ത ജെറോമിനെയും ആര്യാ രാജേന്ദ്രനെയും മല്‍സരിപ്പിക്കുന്നതില്‍ ജില്ലാഘടകങ്ങളില്‍ വിയോജിപ്പുണ്ട്.
തുടര്‍ഭരണം പിടിക്കാന്‍ യുവനിരയെ കാര്യമായി രംഗത്തിറക്കാനാണ് സിപിഎം ആലോചന . എന്നാല്‍ രണ്ടു ടേം മല്‍സരിച്ച് ഇളവ് പ്രതീക്ഷിച്ചു നില്‍ക്കുന്നവരെ ആശ്രയിച്ചിരിക്കും യുവനേതാക്കളുടെ സാധ്യതകള്‍. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ വി വസീഫിനെ മല്‍സരിപ്പിക്കാന്‍ പാര്‍ട്ടി ലക്ഷ്യമിടുന്ന മണ്ഡലം കുന്ദമംഗലമാണ്. എന്നാല്‍ നാലു തവണ എം.എല്‍.എയായ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സിന്‍റെ പിടിഎ റഹീമിന്‍റെ സ്ഥാനാര്‍ത്ഥ്വത്തെ ആശ്രയിച്ചിരിക്കും വസീഫിന്‍റെ സാധ്യത. കായംകുളത്ത് നിന്ന് യു പ്രതിഭാ മാറിയാല്‍ എസ് എഫ്ഐയുടെ സംസ്ഥാന പ്രസിഡന്‍റ് എം ശിവപ്രസാദ് അവിടെ മല്‍സരിക്കാനിറങ്ങും. എന്നാല്‍ DYFI സംസ്ഥാന സെക്രട്ടറി വി കെ സനോജിനെ മല്‍സരിപ്പിക്കാന്‍ പാര്‍ട്ടിക്ക് താല്പര്യമുണ്ടെങ്കിലും കണ്ണൂരില്‍ തല്ക്കാലം നല്‍കാന്‍ സീറ്റില്ല. സനോജിനെ മട്ടന്നൂരില്‍ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ കെ കെ ശൈലജയെ ജില്ലക്ക് പുറത്ത് മറ്റൊരു മണ്ഡലത്തിലേക്ക് മാറ്റിയേക്കും. കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ മല്‍സരിക്കുന്നില്ലെങ്കില്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാര്‍ എം ഷാജിര്‍ സ്ഥാനാര്‍ഥിയായേക്കും. പേരാമ്പ്രയില്‍ എസ് കെ സജീഷ് മല്‍സരിച്ചേക്കും. പേരാമ്പ്രയില്‍ ടി പി ബിനീഷിനും സാധ്യതയുണ്ട്. കൊടുവള്ളിയില്‍ പാര്‍ട്ടിയുടെ യുവമുഖം കാരാട്ട് ഫൈസലും മല്‍സരിക്കാനിറങ്ങിയേക്കും. വി പി സാനും മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളില്‍ ഏതെങ്കിലും മല്‍സരിച്ചേക്കും. എസ് എഫ് ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയെ ഷൊര്‍ണൂരിലേക്കാണ് പരിഗണിക്കുന്നത് . ചിന്ത ജെറോമിനെയും ആര്യാ രാജേന്ദ്രനെയും മല്‍സരിപ്പിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് താല്പര്യമുണ്ടെങ്കിലും കൊല്ലം– തിരുവനന്തപുരം ജില്ലാ ഘടകങ്ങളില്‍ വിയോജിപ്പുണ്ട്. ചിന്ത ജെറോം മല്‍സരിക്കാന്‍ സാധ്യതയുള്ള ഏക സീറ്റ് കൊല്ലമാണെങ്കിലും ലത്തീന്‍ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയെ പരിഗണിച്ചാല്‍ കുണ്ടറയിലും ചിന്തക്ക് സാധ്യതയുണ്ടാവില്ല