പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളും എ ക്ലാസ് എന്ന് വിലയിരുത്തി ബി.ജെ.പി ജില്ലാ നേതൃത്വം. ജയസാധ്യത ഉറപ്പിക്കാവുന്ന സ്ഥാനാര്‍ഥികളെയാണ് നോട്ടം. ഇത്തവണ കെ.സുരേന്ദ്രനെപ്പോലെ മുതിര്‍ന്ന നേതാക്കള്‍ക്കായി വാശി പിടിക്കില്ല. ആറന്‍മുളയിലും കോന്നിയിലും ആണ് പ്രധാന നോട്ടം.
ആറന്‍മുളയില്‍ കുമ്മനം രാജശേഖരനെ പ്രതീക്ഷിക്കുന്നു. അത് നടന്നില്ലെങ്കില്‍ അജയകുമാര്‍ വല്യുഴത്തില്‍. അജയകുമാര്‍ നിലവില്‍ത്തന്നെ സജീവമായി രംഗത്തുണ്ട്. റാന്നി കഴിഞ്ഞ വട്ടം ബിഡിജെഎസിനായിരുന്നു. അവര്‍ക്ക് ഇത്തവണ കോന്നിയാണ് നോട്ടം. ബിഡിജെഎസ് മല്‍സരം ദുരന്തമെന്നാണ് ബിജെപി വിലയിരുത്തല്‍. കഴിഞ്ഞ വട്ടം കെ.സുരേന്ദ്രന്‍ മല്‍സരിച്ച കോന്നിയില്‍ ഇത്തവണ ജില്ലാ പ്രസിഡന്‍റ് വി.എ.സൂരജ് മല്‍സരിച്ചേക്കും.
തിരുവല്ലയില്‍ അനൂപ് ആന്റണിയുടെ പേരാണ് സജീവം. സഭാബന്ധം പറഞ്ഞ് മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ളയ്ക്കും നോട്ടമുണ്ട്. ശ്രീധരന്‍പിള്ള വന്നാല്‍ പ്രവര്‍ത്തകര്‍ ആകെ തിരിയും എന്നതാണ് സ്ഥിതി. കഴിഞ്ഞ വട്ടം മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്ന അനൂപിനെ മാറ്റിയാണ് മുന്‍ ജില്ലാ പ്രസിഡന്‍റ് അശോകന്‍ കുളനടയെ തിരുവല്ലയില്‍ ഇറക്കിയത്. ഇത്തവണ കുളനട പഞ്ചായത്തില്‍ വാര്‍ഡില്‍ തന്നെ മല്‍സരിച്ച് തോറ്റ് അശോകന്‍ കുളനട തകര്‍ന്ന മട്ടാണ്. അടൂരില്‍ സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്‍റെ പേര് മാത്രമേയുള്ളു. യുഡിഎഫ് സ്ഥാനാര്‍ഥിയായി ചേട്ടന്‍ പന്തളം സുധാകരന്‍ വന്നാല്‍ അനിയന്‍ മല്‍സരിക്കുമോ എന്ന് അറിയില്ല. മുന്നില്‍ ജയ സാധ്യത മാത്രം എന്ന് ജില്ലാ നേതൃത്വം.
നിലവില്‍25ശതമാനത്തില്‍ അധികമാണ് പത്തനംതിട്ട ജില്ലയില്‍ ബിജെപിയുടെ വോട്ട് ഷെയര്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ പന്തളം നഗരസഭയും മറ്റ് നാല് പഞ്ചായത്തുകളും കൈവിട്ടു. പുതിയ നാല് പഞ്ചായത്തുകള്‍ പിടിച്ചു. പഞ്ചായത്തംഗങ്ങള്‍ ഇരട്ടിയായി. പലയിടത്തും പ്രതിപക്ഷമായി. ജില്ലാ പഞ്ചായത്തില്‍ വോട്ട് ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഇടത് വിരുദ്ധ വോട്ടുകള്‍ ബിജെപി ജയിക്കില്ല എന്ന ധാരണയില്‍ യുഡിഎഫിന് പോകുമോ എന്ന് ആശങ്കയുണ്ട്. ശബരിമല തുണയ്ക്കും എന്നാണ് പ്രതീക്ഷ