pinarayi-wayanad

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന തീരുമാനങ്ങളും പദ്ധതികളും വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഈ മാസം 20ന് നിയമസഭ ചേരും മുന്‍പ് പ്രധാന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ് മന്ത്രിമാരും ഓഫിസുകളും. നിയമസഭാ സമ്മേളനത്തിനിടെ  തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നതിനാല്‍ എല്ലാം ഇനി അതിവേഗ മോഡിലേക്ക് മാറ്റാനാണ് തീരുമാനം. 

20 ന് ഗവര്‍ണറുടെ നയപ്രഖ്യാനത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങും മുന്‍പ് പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കണം, പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കണം എന്നാണ് മുഖ്യമന്ത്രി നല്‍കിയിട്ടുള്ള നിര്‍ദേശം. ബജറ്റിന് ആവശ്യമായ വിവരങ്ങള്‍ ധന വകുപ്പിന് കൈമാറുന്നതിനുള്ള തിരക്കും വകുപ്പ് മേധാവികള്‍ക്കുണ്ട്. ധനമന്ത്രിയുമായി ആശയവിനിമയവും വേണം. സമ്മേളനം തുടങ്ങിയാല്‍ പിന്നെ എന്തു പുതിയ പ്രഖ്യാപനവും നിയമസഭയ്ക്ക് ഉള്ളില്‍മാത്രമെ സാധ്യമാകൂ. അത് ഒഴിവാക്കുകയാണ് ലക്ഷ്യം. 

വ്യവസായം. ഐടി, പൊതുമരാമത്ത്  വകുപ്പുകള്‍ വലിയ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് ശ്രമിക്കും. ഒപ്പം പുതിയവയുടെ ഉദ്ഘാടനത്തിനും മുന്‍ഗണന നല്‍കും. ആരോഗ്യം സാമൂഹികക്ഷേമം , വിദ്യാഭ്യാസം എന്നീ വകുപ്പുകള്‍  ജനക്ഷേമത്തിന് കൂടുതല്‍ശ്രദ്ധ എന്ന രീതിയില്‍ പുതിയ പ്രഖ്യാപനങ്ങളുമായെത്തും. ഇപ്പോള്‍ ഏറ്റവും തിരക്ക് ധനമന്ത്രിക്കാണ്. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റാണ് കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിക്കുക. കേരള ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ വേണം, അതോടൊപ്പം നടക്കാത്ത കാര്യങ്ങളുടെ സമാഹാരമെന്ന ചീത്തപ്പേരും കേള്‍പ്പിക്കുകയുമരുത്. ഖജനാവ് കാലിയെന്നു പറഞ്ഞുള്ള പ്രതിപക്ഷ ആക്രമണത്തിന് ഇത്തവണ മൂര്‍ച്ചയേറും.   മന്ത്രിമാരുടെ അഭിപ്രായത്തോടൊപ്പം വിദഗ്ധരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് ബജറ്റ് തയാറാകുന്നത്. മുഖ്യമന്ത്രി പച്ചക്കൊടികാട്ടിയാല്‍ ജനുവരി 28 ന്  മന്ത്രിസഭ അംഗീകാരം നല്‍കും. ഫെബ്രുവരിയില്‍ നേതാക്കളുടെ കേരളയാത്രകളുമായി തിരക്കാവും. 9 ദിവസം മാത്രമാണ് ഫെബ്രുവരിയില്‍ നിയമസഭ ചേരുക. മിക്കവാറും അതോടെ വോട്ടോണ്‍ അകൗണ്ട് പാസാക്കി പിരിയും. പിന്നീട് തിരഞ്ഞെടുപ്പ്  ഗോദയിലേക്ക് ഇറങ്ങുകയായി. 

ENGLISH SUMMARY:

CM Pinarayi Vijayan has directed ministers to fast-track key government projects and announcements before the Kerala Assembly budget session begins on Jan 20. With elections looming, Finance Minister K.N. Balagopal is set to present the final budget of the LDF government on Jan 29, 2026.