ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍.ശ്രീലേഖയുമായുള്ള ഓഫിസ് തര്‍ക്കത്തിനൊടുവില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ.പ്രശാന്ത് ഓഫിസ് മാറ്റുന്നു. കോര്‍പറേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫിസ് മരുതുംകുഴിയിലെ വാടകക്കെട്ടിടത്തിലേക്കാണ് മാറ്റുന്നത്. തര്‍ക്കം അവസാനിപ്പിക്കാനാണ് നടപടിയെന്ന് പ്രശാന്ത് അറിയിച്ചു.
കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ഓഫിസ് ഒഴിയണമെന്നാവശ്യപ്പെട്ട് പ്രശാന്തിനെ ശ്രീലേഖ ഫോണില്‍ വിളിച്ചത്. വൈകാതെ പ്രശാന്തിന്‍റെ ഓഫിസിനോട് ചേര്‍ന്ന് കൗണ്‍സിലര്‍ ഓഫിസും തുറന്നു. അടുത്തടുത്ത മുറികളിലായി ഇരുവരുടെയും പ്രവര്‍ത്തനം. ഒപ്പം വി.കെ.പ്രശാന്ത് എംഎല്‍എയുടെ നെയിംബോര്‍ഡിന് മുകളില്‍ സ്വന്തം നെയിം ബോര്‍ഡും സ്ഥാപിച്ചു. അതിന്‍റെ ചിത്രങ്ങളും സമൂഹമാധ്യമത്തില്‍ പങ്കിട്ടു.
നിയമസഭാ കാലാവധി കഴിയുന്നത് വരെ തുടരുമെന്ന് വ്യക്തമമാക്കി താന്‍ പത്തുമാസം മുന്‍പ് കോര്‍പറേഷന് കത്തു നല്‍കിയിരുന്നുവെന്നായിരുന്നു പ്രശാന്തിന്‍റെ വാദം. സാമാന്യനീതിയുടെ ലംഘനമാണ് ശ്രീലേഖയുടെ ആവശ്യമെന്നും പ്രശാന്ത് തുറന്നടിച്ചു. ഏഴുവര്‍ഷമായി എംഎല്‍എ ഓഫിസ് കോര്‍പറേഷന്‍ കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വിവാദങ്ങള്‍ ഒഴിവാക്കാന്‍ പ്രശാന്ത് ഓഫിസ് മാറുന്നത്.