വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് തുടര്‍ ഭരണമുണ്ടായാല്‍ ജയിക്കുന്ന രണ്ടാം മന്ത്രിസഭയിലെ മന്ത്രിമാരില്‍ ചിലര്‍ മൂന്നാം മന്ത്രിസഭയിലും തുടരും. ഇതിനായി എംഎല്‍എമാര്‍ക്ക് രണ്ടു ടേം എന്ന നിബന്ധനയില്‍ അയവ് വരുത്തിയതിന് സമാനമായി മന്ത്രിമാര്‍ക്ക് ഒരു തവണയെന്ന വ്യവസ്ഥയും സിപിഎം നീക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവിലെ മന്ത്രിസഭയിലെ ഒന്‍പതു സിപിഎം മന്ത്രിമാരെ മല്‍സരിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. അതേസമയം,ആര്‍.ബിന്ദുവിന്‍റെ അവസരം എ.വിജയരാഘവന്‍റെ സ്ഥാനാര്‍ഥിത്വത്തെ ആശ്രയിച്ചിരിക്കും.
ഒന്നാം പിണറായി മന്ത്രിസഭയില്‍ മികച്ച പ്രകടനം നടത്തി ജയിച്ചിട്ടും രണ്ടാം മന്ത്രിസഭയില്‍ മന്ത്രിമാരാക്കാത്തവരുണ്ട്. അതില്‍ പ്രധാനി കെ.കെ.ശൈലജയാണ്. കോവിഡ് കാലത്ത് കേരളത്തിന്‍റെ രക്ഷകയായി എന്ന് സിപിഎം തന്നെ പറഞ്ഞ ശൈലജയെ ഒരു ദയയുമില്ലാതെയാണ് രണ്ടാം മന്ത്രിസഭയില്‍ നിന്ന് വെട്ടിയത്. പുതിയ മന്ത്രിമാര്‍ക്ക് രണ്ടാം പിണറായി സര്‍ക്കാരില്‍ അവസരം നല്‍കിയപ്പോള്‍ എ.സി.മൊയ്ദീനും എം.എം.മണിയും ഒഴിവാക്കപ്പെടവരുടെ പട്ടികയിലുണ്ട്. മന്ത്രിമാരായിരുന്ന ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍,സി.രവീന്ദ്രനാഥ്, തോമസ് ഐസക്ക് എന്നിവര്‍ മല്‍സരിക്കാനുള്ള ടേം വ്യവസ്ഥ പാലിച്ചു.
ഇത്തവണ എല്ലാ വ്യവസ്ഥയും ഒഴിവാക്കാനാണ് സിപിഎം നീക്കം. മൂന്നാം തവണയും ഭരണം കിട്ടുകയും രണ്ടാം മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്നവര്‍ ജയിക്കുകയും ചെയ്താല്‍ അവര്‍ക്ക് വീണ്ടും മന്ത്രിമാരാകാമെന്ന് സാരം. അങ്ങനെയെങ്കില്‍ പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍, മുഹമ്മദ് റിയാസ് , എം.ബി.രാജേഷ്,സജി ചെറിയാന്‍, വി.എന്‍.വാസവന്‍ എന്നിവര്‍ ജയിച്ചാല്‍ അവര്‍ക്ക് വീണ്ടും മന്ത്രിമാരാകാം. മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മടത്ത് മല്‍സരിക്കുമെന്നു തന്നെയാണ് പാര്‍ട്ടി നേതൃത്വം വിശ്വസിക്കുന്നത്. കെ.എന്‍.ബാലഗോപാല്‍, വി.എന്‍.വാസവന്‍, സജി ചെറിയാന്‍ , മുഹമ്മദ് റിയാസ് , എം.ബി.രാജേഷ്, ഒ.ആര്‍.കേളു എന്നിവര്‍ മല്‍സരിക്കുമെന്ന് ഉറപ്പായി. ഇടതു സ്വതന്ത്രനായ വി.അബ്ദുറഹിമാനും മല്‍സരിക്കും. എന്നാല്‍ രണ്ടാം ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കുന്നതിനൊപ്പം വീണ്ടും അധികാരത്തില്‍ വന്നാല്‍ മന്ത്രിമാരുടെ വ്യവസ്ഥയിലും ഇളവ് നല്‍കാനുള്ള ആലോചന സിപിഎമ്മില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.