പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ നീക്കം നിയമോപദേശവും വിജിലന്‍സ് എതിര്‍പ്പും മറികടന്ന്. സി.ബി.ഐ അന്വേഷണത്തിന് നിയമസാധുതയില്ലെന്ന് സര്‍ക്കാരിന് മാസങ്ങള്‍ക്ക് മുന്‍പേ നിയമോപദേശം ലഭിച്ചിരുന്നു. അതിനിടെ മണപ്പാട് ഫൗണ്ടേഷനെതിരെ കേസെടുക്കാനും നീക്കം തുടങ്ങി. മണപ്പാട് ഫൗണ്ടേഷനും സതീശനും കൂടി ഗൂഡാലോചന നടത്തിയാണ് വിദേശഫണ്ട് പിരിച്ചതെന്ന് വിജിലന്‍സ് കണ്ടെത്തിയെന്നാണ് സര്‍ക്കാര്‍ വാദം.
11 മാസങ്ങള്‍ക്ക് മുന്‍പ്, 2025 ജനുവരി അവസാനമാണ് പുനര്‍ജനി പദ്ധതിയില്‍ സി.ബി.ഐ അന്വേഷണമാകാമെന്ന ശുപാര്‍ശ വിജിലന്‍സ് ഡയറക്ടറായിരുന്ന യോഗേഷ് ഗുപ്ത സര്‍ക്കാറിന് കൈമാറിയത്. തൊട്ടുപിന്നാലെ സര്‍ക്കാര്‍ നിയമോപദേശം തേടി. രണ്ട് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ആഗ്രഹത്തിന് വിരുദ്ധമായിരുന്നു നിയമോപദേശം.
1)സംസ്ഥാനത്ത് കേസെടുക്കാത്ത ഒരു പരാതി സി.ബി.ഐക്ക് കൈമാറാനാവില്ല.
2) FCRA നിയമത്തിന്‍റെ 3 ാം സെക്ഷന്‍ ബാധകമാകുന്നത് രാഷ്ട്രീയ പാര്‍ട്ടിയോ ജനപ്രതിനിധികളോ നടത്തുന്ന വിദേശപണപ്പിരിവിനാണ്. ഇവിടെ വി.ഡി.സതീശന്‍റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ല. വിദേശഫണ്ട് കൈകാര്യം ചെയ്ത മണപ്പാട് ഫൗണ്ടേഷനാണ്. സതീശന്‍ മണപ്പാട് ഫൗണ്ടേഷന്‍റെ ഭാരവാഹിയായതിനാല്‍ കേസ് നിലനില്‍ക്കില്ല.
ഈ നിയമോപദേശം ലഭിച്ചതോടെ വിജിലന്‍സും സര്‍ക്കാരിനെ എതിര്‍പ്പ് അറിയിച്ചു. ഇതോടെയാണ് സി.ബി.ഐക്ക് വിടാനുള്ള നീക്കം അന്ന് ഉപേക്ഷിച്ചത്. അങ്ങിനെ പൂഴ്ത്തിവെച്ച റിപ്പോര്‍ട്ടാണ് തിരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ശേഷിക്കെ ഇപ്പോള്‍ വീണ്ടും പുറത്തെടുത്തത്. അതിനിടെ വി.ഡി.സതീശനെതിരെ മാത്രമല്ല മണപ്പാട് ഫൗണ്ടേഷനും ചെയര്‍മാന്‍ അമീര്‍ അഹമ്മദിനെതിരെയും സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശയുണ്ട്. അമീറും സതീശനും ഗൂഡാലോചന നടത്തിയാണ് വിദേശഫണ്ട് പിരിച്ചത്.
ഇത്തരത്തില്‍ ഒരു കോടി 22 ലക്ഷത്തോളം രൂപ ഫൗണ്ടേഷന്‍റെ അക്കൗണ്ടില്‍ വന്നെങ്കിലും രേഖകളില്ലെന്നും അതുക്രമക്കേടെന്നുമാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. സതീശനെതിരെ നേരിട്ട് അന്വേഷണം സാധ്യമല്ലങ്കില്‍ മണപ്പാടിനെതിരായ അന്വേഷണം വഴി കുരുക്കാനുള്ള നീക്കമെന്നും ആക്ഷേപമുണ്ട്. എന്നാല്‍ ഭയക്കുന്നത് എന്തിനെന്നാണ് വി.ശിവന്‍കുട്ടിയുടെ ചോദ്യം.
പുനര്‍ജനി പദ്ധതി സുതാര്യമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. നാലു തവണ അന്വേഷിച്ചു, ഒന്നും കണ്ടെത്തിയില്ല. ഇനിയും അന്വേഷിച്ചോട്ടെ, ഒരു പ്രശ്നവുമില്ലെന്നും വി.ഡി. ബത്തേരിയില്‍ പറഞ്ഞു.
പുനര്‍ജനി ഭവന നിര്‍മാണ പദ്ധതിയില്‍ സിബിഐ അന്വേഷണം സ്വാഗതം ചെയ്യുന്നതായി മണപ്പാട്ട് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അമീര്‍ അഹമ്മദ്. മണപ്പാട്ട് ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനം സുതാര്യമാണ്. പ്രളയസമയത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഫൗണ്ടേഷനെ സമീപിച്ചത്. പ്രതിപക്ഷ നേതാവിന് ഫൗണ്ടേഷനില്‍ പങ്കാളിത്തമില്ല. 1993 മുതല്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും അമീര്‍ അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
പുനര്‍ജനി ഭവനപദ്ധതിയില്‍ വി.ഡി.സതീശനെതിരായ അന്വേഷണത്തില്‍ പ്രതിപക്ഷത്തിന് അങ്കലാപ്പ് എന്ന് ബിനോയ് വിശ്വം. എല്‍ഡിഎഫിന് തിരഞ്ഞെടുപ്പ് സ്റ്റണ്ടിന്‍റെ ആവശ്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.