എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനില്‍നിന്ന് മൂന്ന് ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വാങ്ങിയത് വാങ്ങി എന്ന് പറയും. വെള്ളാപ്പള്ളി മൂന്നു ലക്ഷം രൂപ തന്നു. ആലപ്പുഴ സമ്മേളന സമയത്താണ് വെള്ളാപ്പള്ളിയെ കാണാൻ പോയത്. പണം വാങ്ങിയതിന് കണക്കുണ്ടെന്നും വഴിവിട്ട സഹായം ചെയ്യില്ല എന്ന് പറഞ്ഞാണ് വാങ്ങിയതെന്നും ബിനോയ് വിശ്വം പറഞ്ഞു.
വെള്ളാപ്പള്ളിയുമായി തർക്കത്തിനില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. സി.പി.ഐ നേതാക്കൾ ആരും ഒറ്റയ്ക്ക് പാർട്ടി ഫണ്ടിലേക്ക് പണം വാങ്ങാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പേടിയുള്ളവർ ഒപ്പം നിന്നോളൂ എന്ന് പറയുന്ന പുരാണ കഥാപാത്രത്തെപ്പോലെയാണ് വി.ഡി. സതീശൻ ഇപ്പോൾ സംസാരിക്കുന്നതെന്നും എൽ.ഡി.എഫിന് തിരഞ്ഞെടുപ്പ് സ്റ്റണ്ടുകൾ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങളെ വിമർശിച്ച ബിനോയ് വിശ്വത്തിനെതിരെ വെള്ളാപ്പള്ളി നടേശൻ രംഗത്ത് വന്നിരുന്നു. ബിനോയ് വിശ്വം മൂന്ന് മാസം മുൻപ് തന്റെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രധാന ആരോപണം.