തൃശൂര്‍ മറ്റത്തൂരില്‍ തെറ്റുതിരുത്താന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തയാറായി. മറ്റത്തൂര്‍ പഞ്ചായത്തില്‍ ബി.ജെ.പി. പിന്തുണയോടെ ലഭിച്ച വൈസ് പ്രസിഡന്‍റ് സ്ഥാനം കോണ്‍ഗ്രസ് രാജിവയ്ക്കും. പ്രസിഡന്‍റ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിന്‍റെ അംഗമല്ല. കോണ്‍ഗ്രസ് വിമതയായി ജയിച്ച ആളാണ്. അതുക്കൊണ്ടുതന്നെ, പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ കോണ്‍ഗ്രസിനു പറയാന്‍ കഴിയില്ല. കെ.പി.സി.സിയുടെ സമ്മര്‍ദ്ദഫലമായാണിത്. കോണ്‍ഗ്രസിന്‍റെ പ്രാദേശിക നേതാവ് ടി.എം.ചന്ദ്രന്‍ ഇക്കാര്യം കെ.പി.സി.സിയെ അറിയിച്ചു.
മറ്റത്തൂരിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്ന് റോജി എം. ജോണ്‍ എംഎല്‍എ പറഞ്ഞു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടുണ്ട്. രാജിയില്ലെങ്കില്‍ അവിശ്വാസം കൊണ്ടുവരുമെന്നും റോജി എം.ജോണ്‍ പറഞ്ഞു. തെറ്റുതിരുത്തിയാല്‍ കോണ്‍ഗ്രസ് അംഗങ്ങളെ തിരിച്ചെടുക്കുമെന്ന് ഡി.സി.സി. പ്രസിഡന്‍റ് ജോസഫ് ടാജറ്റ് വ്യക്തമാക്കി. അതേസമയം, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തില്‍ ഭരണം പിടിക്കാന്‍ അരക്കോടിയുടെ കോഴയില്‍ സത്യം തെളിയാന്‍ ലീഗ് സ്വതന്ത്രന് ഇ.യു.ജാഫറിന്‍റെ ഫോണ്‍ പിടിച്ചെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തു ഭരണം നിലനിര്‍ത്താന്‍ സി.പി.എം അരക്കോടി രൂപ ലീഗ് സ്വതന്ത്രന് ഇ.യു.ജാഫറിന് വാഗ്ദാനം ചെയ്തെന്നാണ് ആരോപണം. പ്രസിഡന്‍റ് സ്ഥാനം സി.പി.എം. ഒഴിയണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വടക്കാഞ്ചേരിയില്‍ സിപിഎം നടത്തിയത് കുതിരക്കച്ചവടമാണെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ആരോപിച്ചു. തിരഞ്ഞെടുപ്പ് പരാജയം മറയ്ക്കാന്‍ സിപിഎം ശ്രമമെന്നും മറ്റത്തൂരിലും സിപിഎം സമാനശ്രമം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
വടക്കാഞ്ചേരി കോഴയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മുന്‍ എം.എല്‍.എ അനില്‍ അക്കര നല്‍കിയ പരാതിയില്‍ വിജിലന്‍സിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. കേസെടുത്ത് അന്വേഷണം നടത്താനുള്ള നിയമസാധുത വിജിലന്‍സ് പരിശോധിച്ചു വരികയാണ്. കോണ്‍ഗ്രസിന് മറ്റത്തൂരും സി.പി.എമ്മിന് വടക്കാഞ്ചേരിയും ഒരുപോലെ തലവേദനയായി മാറി.