തിരുവനന്തപുരം കോര്‍പറേഷനിലെ മാലിന്യ പ്രശ്നം പരിഹരിക്കാൻ മധ്യപ്രദേശിലെ ഇൻഡോർ മോഡൽ പദ്ധതി ഇവിടെ നടപ്പാക്കുമെന്നാണ് പുതിയ മേയര്‍ വി.വി.രാജേഷ് പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം ഇന്‍ഡോര്‍ ആണെന്നും ഇന്‍ഡോറിലെ ഒരു ചെറിയ  മാതൃക തിരുവനന്തപുരത്ത് നടപ്പിലാക്കാന്‍ സാധിക്കുമെന്നുമായിരുന്ന രാജേഷിന്‍റെ പക്ഷം. തൊട്ടുപിന്നാലെയാണ്  മലിനജലം കുടിച്ച് ഇന്‍ഡോറില്‍ 13 പേര്‍ മരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നത്. അതോടെ രാജേഷിന്‍റെ ഇന്‍ഡോര്‍ മോഡലിനെ ചോദ്യം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങളെത്തി.

തിരുവനന്തപുരത്തെ മുന്‍മേയര്‍ കൂടിയായ മന്ത്രി വി.ശിവന്‍കുട്ടിയും വിട്ടില്ല. വി.വി.രാജേഷിന്‍റെ വാഗ്ദാനവും അതോടൊപ്പം ഇന്‍ഡോറിലെ ദുരന്തത്തിന്‍റെ വാര്‍ത്തയും ചേര്‍ത്തുള്ള വിഡിയോയാണ് ശിവന്‍കുട്ടി പങ്കുവച്ചത്. ‘ആരു കാക്കും’ എന്ന് കുറിച്ചാണ് വിദ്യാഭ്യാസ മന്ത്രിയുടെ പോസ്റ്റ്. ‌പോസ്റ്റ് പങ്കിട്ട് മണക്കൂറുകള്‍ക്കകം ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ടു. ആയിരത്തോളംപേര്‍ വിദ്യാഭ്യാസ മന്ത്രിയുടെ പോസ്റ്റ് പങ്കിടുകയും ചെയ്തു. അനുകൂലിച്ചും വിമര്‍ശിച്ചും കമന്‍റുകളും വരുന്നുണ്ട്.

ഇന്‍ഡോറിലാകട്ടെ മലിനജലം കുടിച്ച 169 പേര്‍ ചികില്‍സയിലാണ്. നവജാതശിശുക്കളടക്കം 8പേരുടെ നില ഗുരുതരമാണ്. പൈപ്പ് പൊട്ടി മലിനജലം കുടിവെള്ളത്തില്‍ കലര്‍ന്നതാണ് ദുരന്തത്തിന് വഴിവെച്ചത്. ഇന്‍ഡോര്‍ നഗരത്തിലെ ഭഗീരത്പൂരില്‍ പൈപ്പിലൂടെയെത്തുന്ന കുടിവെള്ളം ഉപയോഗിച്ചവര്‍ക്കാണ് ജീവഹാനിയുണ്ടായത്. മലിനജല സംസ്കരണത്തിലെ മികവിന് ഇന്ത്യയിലെ ആദ്യത്തെ വാട്ടർ പ്ലസ് നഗരമായി ഇന്‍ഡോറിനെ പ്രഖ്യാപിച്ച് നാല് വര്‍ഷം പിന്നിടവെയാണ് ദുരന്തം. രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളുടെ റാങ്കിങില്‍ തുടർച്ചയായി എട്ട് തവണയായി ഒന്നാം സ്ഥാനവും ഇൻഡോറിനാണ്. ദുരന്തത്തില്‍ മധ്യപ്രദേശ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 

അതേസമയം, ബിജെപി നേതാവായ വി.വി.രാജേഷ് സ്ഥാനമേറ്റ് ഒരാഴ്ച തികയും മുമ്പേ തിരുവനന്തപുരം കോർപറേഷനും സംസ്ഥാന സർക്കാറും തമ്മിൽ പരസ്യ പോര് ആരംഭിച്ചിട്ടുണ്ട്. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയും ബി.ജെ.പി കൗൺസിലറുമായ ആർ. ശ്രീലേഖയും വി. പ്രശാന്ത് എം.എൽ.എയും തമ്മിലെ ഒഫീസ് തർക്കത്തിലാണ് തുടങ്ങിയതെങ്കില്‍ ഒട്ടുംവൈകാതെ ഇലക്ട്രിക് ബസ് വിവാദം കൂടിയെത്തി. ഇതിന് പിന്നാലെയും മേയർക്കെതിരെ രൂക്ഷ വിമർശനവുമായി ശിവൻ കുട്ടി രംഗത്തെത്തിയിരുന്നു.

‘തിരുവനന്തപുരം കോർപ്പറേഷൻ അതിർത്തി വേലികെട്ടി തിരിക്കാൻ മേയർ ശ്രമിക്കരുത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള ഇലക്ട്രിക് ബസുകൾ തിരുവനന്തപുരം കോർപ്പറേഷൻ അതിർത്തിക്കുള്ളിൽ മാത്രമേ സർവീസ് നടത്താവൂ എന്ന ബഹു.മേയർ  ശ്രീ.വി.വി.രാജേഷിന്റെ ആവശ്യം അങ്ങേയറ്റം ബാലിശവും അപക്വവുമാണ്. നാടിന്റെ വികസനത്തെ ഇത്രയേറെ സങ്കുചിതമായി കാണുന്ന ഒരു ഭരണാധികാരി തലസ്ഥാന നഗരത്തിന് അപമാനമാണ്’ എന്നായിരുന്നു ശിവന്‍കുട്ടി കുറിച്ചത്.

ENGLISH SUMMARY:

Kerala Education Minister V. Sivankutty has taken a dig at Thiruvananthapuram Mayor V.V. Rajesh's plan to implement the 'Indore Model' for waste management in the capital city. Following reports of 13 deaths in Indore due to contaminated water, Sivankutty shared a video contrasting the Mayor's promise with the tragedy, captioning it 'Who will protect?'. The political spat highlights the debate over cleanliness models as Thiruvananthapuram looks for sustainable waste disposal solutions in 2026.