ശബരിമല സ്വർണ്ണക്കൊള്ളയിൽ കടകംപള്ളി സുരേന്ദ്രന്‍റെ അറസ്റ്റ് മുന്നിൽ കണ്ട് സിപിഎം നേതൃത്വം. കേസിൽ അന്വേഷണം മുന്നോട്ടു പോകുമ്പോൾ കടകംപള്ളിയുടെ അറസ്റ്റിനുള്ള സാധ്യത പാർട്ടി നേതൃത്വം കാണുന്നുണ്ട്. കടകംപള്ളിയെ അറസ്റ്റ് ചെയ്താലും തെറ്റുകാരനാണെന്ന് വിലയിരുത്താനാവില്ലെന്ന നിലപാടിലാണ് പാർട്ടി.
എസ്.ഐ.ടി ചോദ്യം ചെയ്യലില്‍ വികാരധീനനായാണ് കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചത്. സ്വര്‍ണക്കൊള്ള തനിക്ക് അറിവും പങ്കുമില്ലാത്ത കാര്യമാണെന്നും അന്വേഷണസംഘം ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അന്വേഷണ സംഘത്തോട് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മൊഴികള്‍ പരിശോധിച്ച ശേഷം മാത്രമേ കടകംപള്ളിയെ ഇനിയും ചോദ്യം ചെയ്യണോ എന്നതില്‍ അന്വേഷണസംഘം തീരുമാനം എടുക്കുകയുള്ളൂ. എന്‍.വാസുവിന്‍റെയും പത്മകുമാറിന്‍റെയും മൊഴികള്‍ അന്വേഷണസംഘം പരിശോധിക്കുകയാണ്.
അതേസമയം, സ്വര്‍ണക്കൊള്ള സംബന്ധിച്ച ആരോപണങ്ങള്‍ ഡി.മണിയും സുഹൃത്തുക്കളും പൂര്‍ണമായും നിഷേധിച്ചു. ഇന്നലെ നടന്ന ചോദ്യം ചെയ്യലിലാണ് വിദേശ വ്യവസായി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഡി.മണിയും സഹായികളാമായ ബാലമുരുകൻ ശ്രീകൃഷ്ണൻ എന്നിവർ എസ്ഐടിക്ക് മൊഴി നൽകിയത്. ശബരിമലയുമായി ഒരു ഇടപാടും നടത്തിയിട്ടില്ല എന്നാണ് മൊഴി. കേരളത്തിൽ ബിസിനസ് സൗഹൃദങ്ങൾ ഇല്ല. തമിഴ്നാട് കേന്ദ്രീകരിച്ച് മാത്രമാണ് പ്രവർത്തിച്ചതെന്നും മൊഴി നൽകി. എന്നാൽ ഡിമണിയുടെ സാമ്പത്തിക വളർച്ച കേന്ദ്രീകരിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. പത്തു വർഷത്തിനിടെ വലിയ സാമ്പത്തിക വളർച്ചയാണ് ഡി മണിക്കുണ്ടായതെന്ന് വ്യക്തമായതോടെയാണ് പരിശോധന. ഇതിനുശേഷം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും.