തദ്ദേശതിരഞ്ഞെടുപ്പ് പരാജയത്തെ ചൊല്ലി സിപിഎമ്മിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കെ തോല്‍വി പരിശോധിക്കാനുള്ള മൂന്ന് ദിവസത്തെ പാര്‍ട്ടി നേതൃയോഗങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും രണ്ടുദിവസം സംസ്ഥാന സമിതിയുമാണ് ചേരുന്നത്. ഭരണവിരുദ്ധ വികാരമുണ്ടായിട്ടില്ലെന്നും ശബരിമല സ്വര്‍ണക്കൊള്ള തിരിച്ചടിയായിട്ടില്ലെന്നുമുള്ള സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിനോട് പല ജില്ലാ കമ്മിറ്റികളും യോജിച്ചിരുന്നില്ല.
പാര്‍ട്ടിക്കും മുന്നണിക്കുമുണ്ടായ തോല്‍വി ഇഴകീറി പരിശോധിക്കുമെന്ന് പറഞ്ഞാണ് താഴെതട്ടിലുള്ള അവലോകനത്തിന് പാര്‍ട്ടിയിറങ്ങിയത് . 22 ചോദ്യങ്ങളാണ് തോല്‍വി പരിശോധിക്കാന്‍ പാര്‍ട്ടി താഴെതട്ടിലേക്ക്
ആരാഞ്ഞത്. ഓരോ വാര്‍ഡിലും വോട്ടിനെ സ്വാധീനിച്ച ഘടകങ്ങള്‍ എന്തായിരുന്നു, പാര്‍ട്ടിയുടെ ദൗര്‍ബല്യങ്ങള്‍ എന്തായിരുന്നു ? സ്ഥാനാർത്ഥിത്വത്തില്‍ വീഴ്ചയുണ്ടോ ? മുന്നണിയുടെ പ്രവർത്തനം എങ്ങനെയായിരുന്നു തുടങ്ങിയ ചോദ്യങ്ങളാണ് പാര്‍ട്ടി താഴെതട്ടിലേക്ക് ഉന്നിച്ചത്. എന്നാല്‍ ഭരണവിരുദ്ധ വികാരം തിരിച്ചടിച്ചോ, ശബരമല ബാധിച്ചോ എന്നീ ചോദ്യങ്ങള്‍ താഴെതട്ടിലേക്ക് ചോദിച്ചില്ല. ഭരണവിരുദ്ധ വികാരം ഇല്ലെന്ന് നിലപാട് പരസ്യമായി പ്രഖ്യാപിച്ച് താഴെതട്ടിലേക്ക് പരിശോധനക്ക് പോയ പാര്‍ട്ടിക്ക് ആകെ പാളി.
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പടെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത് . ശബരിമല തിരിച്ചടിയായിഎന്ന് ജില്ലാ സെക്രട്ടറി കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു . ഭരണവിരുദ്ധ വികാരം, ശബരിമല എന്നീ
കാര്യങ്ങളില്‍ ഭിന്നാഭിപ്രായമാണ് സിപിഎമ്മിലെ മിക്ക നേതാക്കള്‍ക്കും. മൂന്ന് ദിവസം ചേരുന്ന പാര്‍ട്ടിനേതൃയോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരും സര്‍ക്കാരിനെതിരയും രൂക്ഷമായ വിമര്‍ശനത്തിന്സാധ്യതയുണ്ട്. സംഘടനാപരമായ വീഴ്ചയാണ് തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ബിജെപിക്ക് കിട്ടാനിടയാക്കിയതെന്ന ചര്‍ച്ചകള്‍ സിപിഎം യോഗങ്ങളില്‍ തന്നെ ഉയര്‍ന്നിരുന്നു. ഏത് തരത്തിലുള്ള തെറ്റ് തിരുത്തലിലേക്കാണ് സിപിഎം നീങ്ങുക എന്ന് പാര്‍ട്ടി പ്രഖ്യാപിക്കും.