mayor-election

സംസ്ഥാനത്തെ നഗരങ്ങളെ ആരു നയിക്കുമെന്ന് ഇന്നറിയാം.  കോര്‍പ്പറേഷനുകളിലെയും മുന്‍സിപ്പാലിറ്റികളിലെയും  മേയര്‍, ഡെപ്യൂട്ടിമേയര്‍ , ചെയര്‍പേഴ്സണ്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പ് ഇന്ന്.  മേയര്‍ , ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പ് രാവിലെ  പത്തരക്കാണ്. ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പ് ഉച്ചതിരിഞ്ഞ് രണ്ടരക്കും. കോര്‍പ്പറേഷനുകളിലെ വരണാധികാരി ജില്ലാ കലക്ടറാണ്.  മുന്‍സിപ്പാലിറ്റികളില്‍ പ്രത്യേകം വരണാധികാരികളെ  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിയെ ഒരു അംഗം നാമനിര്‍ദേശം ചെയ്യുകയും മറ്റൊരാള്‍ പിന്തുണക്കുകയും ചെയ്യണം. ഒന്നിലധികം സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ ഒപ്പണ്‍ബാലറ്റിലൂടെ തിരഞ്ഞെടുപ്പ് നടത്തും. ബാലറ്റിന് പിറകില്‍ വോട്ടു ചെയ്യുന്ന അംഗം പേരെഴുതി ഒപ്പിടണം. ഒറ്റസ്ഥാനാര്‍ഥി മാത്രമെയുള്ളൂ എങ്കില്‍ ആ വ്യക്തി ജയിച്ചതായി പ്രഖ്യാപിക്കും. ഒരു തദ്ദേശ സ്ഥാപനത്തിലേക്ക് ആകെ തിരഞ്ഞടുത്ത അംഗങ്ങളുടെ പകുതിയെങ്കിലും ഉണ്ടെങ്കിലേ ക്വാറം തികഞ്ഞതായി കണക്കാക്കൂ. 

ബി.ജെ.പി വിജയം ഉറപ്പിച്ച തിരുവനന്തപുരം കോർപറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പും ഇന്ന്. അൻപത്  കൗണ്‍സിലര്‍മാരും ഒരു സ്വതന്ത്രന്റെയും പിന്തുണയുള്ള ബി.ജെ.പിയുടെ മേയർ സ്ഥാനാർഥി വി.വി.രാജേഷിന് അനായാസം വിജയിക്കാനാകും. ജി.എസ്.ആശാനാഥാണ് ബിജെപി ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. അതേസമയം, 29 കൗണ്‍സിലര്‍മാരുള്ള എൽഡിഎഫ് ആർ.പി.ശിവജിയെയും 19 കൗണ്‍സിലര്‍മാരുള്ള

യുഡിഎഫ് കെ.എസ്.ശബരിനാഥനെയും മേയർ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നുണ്ട്. ജില്ലയിലെ നാല് നഗരസഭകളിലും ഭരണം ഉറപ്പിച്ച എൽഡിഎഫ് ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ സ്ഥാനാർഥികളെ നേരത്തെ നിശ്ചയിച്ചിരുന്നു. നെയ്യാറ്റിൻകരയിൽ ഡബ്ളിയു.ആർ.ഹീബയും ആറ്റിങ്ങലിൽ എം.പ്രദീപും വർക്കലയിൽ ഗീത ഹേമചന്ദ്രനും നെടുമങ്ങാട് ആർ.ജയദേവനുമാണ് അധ്യക്ഷ സ്ഥാനത്തേക്ക് എൽഡിഎഫ് മത്സരിപ്പിക്കുന്നത്. 

കോൺഗ്രസിലെ ആഭ്യന്തര കലഹങ്ങൾക്ക് താൽക്കാലിക വിരാമമിട്ട് വി.കെ മിനിമോൾ ഇന്ന് കൊച്ചിയുടെ മേയറാകും. ദീപക് ജോയ് ആണ് ഡപ്യൂട്ടി മേയർ സ്ഥാനാർഥി. അവസാന രണ്ടര വർഷം മേയർ സ്ഥാനം ഷൈനി മാത്യുവിനും ഡപ്യൂട്ടി മേയർ സ്ഥാനം കെ.വി.പി കൃഷ്ണമാറിനും നൽകും. മേയർ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടിരുന്ന കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ചിരുന്നെങ്കിലും വോട്ടെടുപ്പിൽ സഹകരിക്കും. 76 സീറ്റിൽ 47 എണ്ണം വിജയിച്ചാണ് യുഡിഎഫ് കോർപറേഷൻ ഭരണം തിരികെ പിടിച്ചത്. കേവല ഭൂരിപക്ഷത്തിന് 39 സീറ്റുമതി. എൽഡിഎഫിന് 22 ഉം ബിജെപിക്ക് ആറും സീറ്റുണ്ട്.

കോഴിക്കോട് കോര്‍പ്പറേഷനില്‍ തടമ്പാട്ടുതാഴത്ത് നിന്ന് വിജയിച്ച മുതിര്‍ന്ന അംഗം ഒ സദാശിവനും കോട്ടുളിയില്‍ നിന്ന് ജയിച്ച ഡോ. എസ്. ജയശ്രീയുമാണ് എല്‍ഡിഎഫിന്‍റെ മേയര്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥികള്‍. എസ്. കെ. അബൂബക്കറും ഫാത്തിമ തഹ്ലിയയും യുഡിഎഫിന്‍റെ മേയര്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനാര്ഥികളാകും. ബിജെപി ഇതുവരെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. 76 അംഗ കൗണ്‍സിലില്‍ ഇത്തവണ  ആര്‍ക്കും കേവല ഭൂരിപക്ഷമില്ലെങ്കിലും 35 സീറ്റുകളോടെ ഒറ്റ കക്ഷിയായ എല്‍ഡിഎഫ് തന്നെയാകും കോര്‍പ്പറേഷന്‍ ഭരിക്കുക. യുഡിഎഫിന് 28ഉം എന്‍ഡിഎക്ക് 13 സീറ്റുകളുമാണുള്ളത്. 

കൊല്ലം കോര്‍പറേഷനില്‍ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങൾ കോൺഗ്രസിനാണ്.  മേയറായി എ. കെ. ഹഫീസും  ഡെപ്യൂട്ടി മേയറായി ഉദയ സുകുമാരനുമാണ് മത്സരിക്കുന്നത്. മേയര്‍ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു കൊണ്ടാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇന്നലെ ചേർന്ന യുഡിഎഫ് യോഗം ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥിയെ തീരുമാനിച്ചു.ഘടകകക്ഷികളുടെ എതിർപ്പ് ചർച്ചയിലൂടെ പരിഹരിക്കുമെന്ന് ഡിസിസി പ്രസിഡന്റ്‌ പി രാജേന്ദ്രപ്രസാദ് പറഞ്ഞു.ആർഎസ്പിക്കും ലീഗിനും പ്രധാന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങൾ നൽകും. കോർപ്പറേഷൻ രൂപീകരിച്ചതിനുശേഷം ആദ്യമായാണ് യുഡിഎഫ് കോർപ്പറേഷൻ അധികാരത്തിൽ എത്തുന്നത്. ആകെയുള്ള 56 സീറ്റിൽ 27 സീറ്റ് നേടിയാണ് യുഡിഎഫ് അധികാരത്തിലേക്ക് വന്നത്.

സ്വതന്ത്രന്റെ  പിന്തുണയോടെ യുഡിഎഫ് അധികാരത്തിലെത്തുന്ന ആലപ്പുഴ നഗരസഭയിൽ കോൺഗ്രസിലെ മോളി ജേക്കബ് ചെയർപേഴ്സനാകും.UDF നെ പിന്തുണയ്ക്കുന്ന സ്വതന്ത്രൻ ജോസ് ചെല്ലപ്പൻ വൈസ് ചെയർമാനാകും. ആദ്യ രണ്ടു വർഷം ബീച്ച് വാർഡ് കൗൺസിലറായ മോളി ജേക്കബും തുടർന്ന് രണ്ടു വർഷം കോൺഗ്രസിലെ തന്നെ പാലസ് വാർഡ് കൗൺസിലർ സി.എസ്.ഷോളിയും ചെയർപേഴ്സനാകും. ഒരു വർഷം ലീഗ് പ്രതിനിധിക്കാണ് ചെയർപേഴ്സൻ സ്ഥാനം. ആദ്യത്തെ രണ്ടു വർഷത്തിനു ശേഷം ഒരു വർഷം നൽകണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ലീഗ് - കോൺഗ്രസ് സംസ്ഥാന നേതൃത്വങ്ങൾ ചർച്ച നടത്തി തീരുമാനമെടുക്കും. സ്വതന്ത്രൻ പിന്തുണച്ചതോടെയാണ് നഗരസഭ ഭരണം യുഡിഎഫിന് ഉറപ്പായത്. ആലപ്പുഴയിൽ എൽഡിഎഫിന് ലഭിച്ച ഏക നഗരസഭയായ ചേർത്തലയിൽ CPMലെ സോബിൻ സോമനെ ചെയർമാനാക്കാൻ CPM ചേർത്തല ഏരിയ കമ്മിറ്റി തീരുമാനിച്ചു. 

ENGLISH SUMMARY:

Kerala Mayor Elections: Today's local body elections determine the leaders of various cities. Key positions like Mayor, Deputy Mayor, Chairperson, and Deputy Chairperson will be elected in corporations and municipalities across the state.