ഇടുക്കി തൊടുപുഴ നഗരസഭയിൽ അധ്യക്ഷ സ്ഥാനം ലീഗിന് നൽകിയിട്ടും കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷം. കൂടി അലോചിക്കാതെ പാർലമെന്ററി പാർട്ടി യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് മിനിറ്റ്സ് തിരുത്തിയതാണ് പുതിയ വിവാദങ്ങൾക്ക് കാരണം. ബ്ലോക്ക് പ്രസിഡന്റ് ശിബിലി സാഹിബിനെതിരെ പരാതി നൽകുമെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും കൗൺസിലറുമായ നിഷ സോമൻ പറഞ്ഞു
മുന്നണിധാരണ പ്രകാരം തൊടുപുഴ നഗരസഭയിലെ അധ്യക്ഷ സ്ഥാനം മൂന്ന് ടേമായി പങ്കുവെക്കാനാണ് തീരുമാനം. ധാരണ അനുസരിച്ച് മുസ്ലിം ലീഗിൽ നിന്ന് സാബിറ ജലീൽ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. അവസാന രണ്ട് വർഷമാണ് കോൺഗ്രസിന് അധ്യക്ഷ സ്ഥാനം ലഭിക്കുക. ഇന്ന് രാവിലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ തയ്യാറാക്കിയ മിനിറ്റ്സിൽ അവസാന രണ്ട് വർഷം 28 ആം വാർഡിൽ നിന്നുള്ള കൗൺസിലർ ലിറ്റി ജോസഫ് അധ്യക്ഷയാകുമെന്ന് എഴുതി ചേർക്കുകയായിരുന്നു. ഇത് വിവാദമായതോടെ ഡിസിസി പ്രസിഡന്റ് സിപി മാത്യു മിനിറ്റ്സ് തിരുത്താൻ നിർദേശം നൽകി.
ബ്ലോക്ക് പ്രസിഡന്റിന്റെ വ്യക്തി താല്പര്യം ഏകപക്ഷീയമായി നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് നിഷ സോമന്റെ ആരോപണം സിപിഎമ്മിന്റെ കുത്തക വാർഡായ നടുക്കണ്ടത്ത് മിന്നും വിജയം നേടിയ നിഷ സോമന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ നിഷയെ അധ്യക്ഷയാക്കരുതെന്ന് ചൂണ്ടിക്കാട്ടി ഒമ്പത് കോൺഗ്രസ് കൗൺസിലർമാർ നേരെത്തെ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. പിന്നാലെ ലിറ്റി ജോസഫിനെ അധ്യക്ഷയാക്കാനും നീക്കം നടന്നു. ഇതിനെതിരെ ഒരുവിഭാഗം പ്രവർത്തകർ രംഗത്തെത്തിയതോടെയാണ് ആദ്യ ടേമിൽ അധ്യക്ഷസ്ഥാനം മുസ്ലിംലീഗിന് നൽകാൻ തീരുമാനമായത്