കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തില്‍ കോണ്‍ഗ്രസ് വിമതന്‍ പ്രസിഡന്‍റാകും. ആദ്യത്തെ രണ്ടര വര്‍ഷമാകും ജിതിന്‍ പല്ലാട്ട് പ്രസിഡന്‍റ് പദവിയില്‍ ഇരിക്കുക. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തെ ഡിസിസി അനുനയിപ്പിച്ചത്.
ഒടുവില്‍ അനിശ്ചിതത്വത്തിന് വിരാമം. കോണ്‍ഗ്രസ് വിമതനായി മല്‍സരിച്ച് ജയിച്ച ജിതിന്‍ പല്ലാട്ട് തന്നെ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്‍റ്. ആദ്യ രണ്ടര വര്‍ഷത്തെ ഭരണത്തിന് ശേഷം ബോസ് ജേക്കബ് രണ്ടാം ടേമില്‍ പ്രസിഡന്‍റാകും. ബോസ് ജേക്കബ് ആയിരുന്നു യുഡിഎഫിന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി. ആകെയുള്ള 19 വാര്‍ഡില്‍ എല്‍ഡിഎഫും യുഡിഎഫും 9 വീതം സീറ്റുകള്‍ നേടി തുല്യനിലയില്‍ എത്തിയതോടെയാണ് യുഡിഎഫിന് വിമതന്‍റെ സഹായം അനിവാര്യമായത്. കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനായിരുന്നു ജിതിന്‍ തുടക്കം മുതല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നത്. യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി മണ്ഡലം ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായിരുന്ന ജിതിന്‍, സ്ഥാനാര്‍ഥി നിര്‍ണായത്തില്‍ പ്രതിഷേധിച്ചാണ് മല്‍സരരംഗത്തിറങ്ങിയത്. ഇതിനെ തുടര്‌ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ജിതിനെ ഒത്തുത്തീര്‍പ്പിന്‍റെ ഭാഗമായി തിരിച്ചെടുക്കാനും തിരുമാനിച്ചിട്ടുണ്ട്. ലീഗിന്‍റെ ഏക അംഗമായ പിആര്‍ അജിതക്കാകും വൈസ് പ്രസിഡന്‍റ് പദവി.