മുഖ്യമന്ത്രി പിണറായി വിജയനെ ആദ്യം വിളിച്ചത് താനാണെന്ന് തിരുവനന്തപുരം മേയര്‍ വി.വി.രാജേഷ്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ ആണ് വിളിച്ചത്. മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്ന് പറഞ്ഞു. അതനുസരിച്ച് മുഖ്യമന്ത്രി തിരിച്ചുവിളിച്ചെന്ന് വി.വി.രാജേഷ് മനോരമ ന്യൂസിന്റെ ‘മേയര്‍മാര്‍ ഹാജര്‍’ പരിപാടിയില്‍ പറഞ്ഞു.
ബിജെപി ചരിത്രവിജയം നേടിയ തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി വി.വി. രാജേഷ്. 51 വോട്ടുകളോടെയാണ് ജയം. ഡെപ്യൂട്ടി മേയറായി ബിജെപിയുടെ ജി. എസ്.ആശാനാഥും വിജയിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ പ്രധാന നേതാക്കൾ ചുമതലയേൽക്കൽ ചടങ്ങിനെത്തി. മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് പിന്തുണ തേടിയ രാജേഷിന് പിണറായി വിജയൻ ആശംസ നേർന്നു
സംസ്ഥാന ചരിത്രത്തിൽ താമര വിരിഞ്ഞ ആദ്യ കോർപറേഷൻ. ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ സുരേഷ് ഗോപിക്കും രാജീവ് ചന്ദ്രശേഖറിനും പുറമേ മുൻ സംസ്ഥാന അധ്യക്ഷന്മാരായ സി.കെ.പത്മനാഭൻ, വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ എത്തി. 101 പേരെയും ഒന്നിച്ച് കൊണ്ടുപോകുമെന്ന പറഞ്ഞ രാജേഷ് നയപരമായി തുടങ്ങി.
രാജേഷിന് 51 വോട്ട് കിട്ടിയപ്പോൾ, എൽഡിഎഫിന്റെ ആർ പി ശിവജിക്ക് 29 വോട്ടു കിട്ടി. കോൺഗ്രസിന്റെ രണ്ടു അംഗങ്ങളുടെ വോട്ടുകൾ അസാധുവായതോടെ കെ.എസ് .ശബരിനാഥന് 17 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ബിജെപിയുടെയും സിപിഎമ്മിന്റെയും ഓരോ അംഗത്തിന്റെ വോട്ട് അസാധുവായി. 50 വോട്ട് നേടിയ ആശാനാഥ് വിജയിച്ചു. കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഭാരതാംബയുടെ നാമത്തിൽ സത്യവാചകം ചൊല്ലിയ ആശാനാഥ് ഇത്തവണ അതിനു മുതിർന്നില്ല.
മേയർ വോട്ടെടുപ്പ് പൂർത്തിയായ ഉടൻ ദൈവങ്ങളുടെ പേരിൽ സത്യവാചകം ചൊല്ലിയ കൗൺസിലർമാരുടെ വോട്ട് അസാധുവാക്കണമെന്നും സിപിഎം നേതാവ് എസ്.പി.ദീപക് ആവശ്യപ്പെട്ടു. എന്നാൽ, സത്യവാചകം ചൊല്ലി റജിസ്റ്ററിൽ ഒപ്പുവച്ചതിനാൽ ഇനി കോടതിയെ സമീപിക്കണമെന്ന് പറഞ്ഞ കലക്ടർ, സിപിഎം ആവശ്യം തള്ളി. യുഡിഎഫ് വിമതൻ സുധീഷ് കുമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. മേയർ സ്ഥാനത്തേക്ക് തഴയപ്പെട്ട മുൻ ഡിജിപി ആർ ശ്രീലേഖ , രാജേഷിന്റെയും ആശാനാഥന്റെയും അനുമോദന ചടങ്ങിന് നിൽക്കാതെ കൗൺസിൽ ഹാൾ വിട്ടു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നരേന്ദ്ര മോഡിയുടെ കൂറ്റൻ ഫ്ലക്സുകൾ കോർപ്പറേഷൻ ഓഫീസിൽ സ്ഥാപിച്ചു.