തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും വാക്കുപാലിച്ച് ഒരു സ്ഥാനാർത്ഥി. പത്തനംതിട്ട ഓമല്ലൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ സ്ഥാനാർത്ഥിയായ ജോൺസൺ ഇടവട്ടം ആണ് തോറ്റിട്ടും വാക്കുപാലിച്ചത്. ഉഷ എന്ന വീട്ടമ്മയുടെ തകർച്ചയിൽ ആയിരുന്ന വീടിന്റെ അറ്റകുറ്റപ്പണി പകുതിയോളം എത്തി.
മൺകട്ട കെട്ടിയ ചുമരിന്റെ പല ഭാഗങ്ങളും തകർന്നു തുടങ്ങി. മണ്ണ് ഉതിരുന്ന ചുവരുള്ള വീട്ടിലേക്കാണ് Ldf സ്ഥാനാർഥി ജോൺസൺ ഇടവട്ടവും പ്രവർത്തകരും വോട്ട് തേടിയെത്തിയത്. കുണ്ടും കുഴിയുമായ തറയും അടച്ചുറപ്പില്ലാത്ത വാതിലുകളും ജനാലുകളും. ഉഷ തന്റെ സങ്കടം സ്ഥാനാർത്ഥിയോട് പറഞ്ഞു. വീടിൻറെ അറ്റകുറ്റപ്പണി ജോൺസൺ ഉറപ്പുനൽകി. ഫലം വന്നപ്പോൾ ജോൺസൺ തോറ്റു. പക്ഷേ വാക്കു മാറ്റിയില്ല, പണി തുടങ്ങി.
രണ്ട് മുറികളും ഹാളും അടുക്കളയുമുളള വീടാണ്. ചുവരുകൾ പ്ലാസ്റ്റർ ചെയ്തു തറയിൽ ടൈലിടും. ജനുവരി ആദ്യ ആഴ്ചയോടെ പണി തീർക്കാനാണ് പദ്ധതി. പിന്തുണയുമായി വലിയൊരു സംഘവും പിന്നിലുണ്ട്. ഉഷയ്ക്കും ഭർത്താവു മോഹനനും പുതുവർഷം സന്തോഷത്തിന്റെതാണ്. തോൽവിയും ജയവും വരും പോകും. പക്ഷേ കൊടുത്ത വാക്ക് അവിടെ തന്നെ കാണും എന്ന് ജോൺസൺ.