തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ലക്ഷങ്ങള്‍ ചിലവിട്ട് പുതിയ പിആര്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ‘നാടിനൊപ്പം’ എന്ന പേരില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലകള്‍ തോറും മാധ്യമ സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കാനാണ് നിര്‍ദേശം. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വിഭാഗത്തിനാണ് ചുമതല. അധികം തുക ആവശ്യമെങ്കിൽ ധനകാര്യ വകുപ്പിന്റെ അനുമതി തേടണമെന്നും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ ജില്ലാ സെക്രട്ടറിമാര്‍ക്ക് ജോയിന്‍റ്‍ സെക്രട്ടറി നല്‍കിയ ഉത്തരവിലുണ്ട്.
മുഖ്യമന്ത്രി പറഞ്ഞ തിരുത്തലിന്‍റെ ആദ്യപടിയായാണ് മുഖച്ഛായ മെച്ചപ്പെടുത്തുന്നതിനായി നാടിനൊപ്പം എന്ന പേരിലുള്ള പിആര്‍. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി മാസങ്ങള്‍ക്കകം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പി. ആര്‍ പദ്ദതിയുടെ ഭാഗമായുള്ള വാര്‍ത്താസമ്മേളനങ്ങള്‍. ഓരോ ജില്ലയിലും മന്ത്രിമാര്‍ വാര്‍ത്താസമ്മേളനങ്ങള്‍ വിളിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കണമെന്നാണ് നിര്‍ദേശം. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരാകും അതാത് ജില്ലകളില്‍ കാര്യങ്ങള്‍ വിശദീകരിക്കുക.
വാര്‍ത്താസമ്മേളനം നടത്തുന്ന മന്ത്രിയുടെ, വകുപ്പുമായി ബന്ധപ്പെട്ട വികസന പദ്ധതിയുടെ സ്ഥലത്ത് ആയിരിക്കണം വാർത്താ സമ്മേളനം നടത്തേണ്ടത്. ഇതിനു ചെലവു വരുന്ന തുക സാമ്പത്തിക വർഷത്തെ പ്രസ് ഫെസിലിറ്റിയിൽ മീഡിയ സെന്റർ, വാർത്താസമ്മേളനം, മാധ്യമ ഏകോപനം എന്ന വിഭാഗത്തിൽ നിന്ന് വിനിയോഗിക്കണം. അധികം തുക ആവശ്യമെങ്കിൽ ധനകാര്യ വകുപ്പിന്റെ അനുമതി തേടണമെന്നും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ ജില്ലാ സെക്രട്ടറിമാര്‍ക്ക് ജോയിന്‍റ്‍ സെക്രട്ടറി നല്‍കിയ ഉത്തരവിലുണ്ട്.
ഒരു മന്ത്രി രണ്ടു വാര്‍ത്താ സമ്മേളനങ്ങളാണ് നടത്തേണ്ടത്. രാവിലെ 11 ന് ആരംഭിച്ച് ഉച്ച ഭക്ഷണത്തോടെ അവസാനിപ്പിക്കണം. വിഡിയോ വാളിലൂടെ പദ്ധതി അവതരിപ്പിക്കണം. ബ്രാൻഡിങ്ങിനുള്ള തോരണം, അലങ്കാരങ്ങള്‍ എന്നിവ ക്രമീകരിക്കണം എന്നിങ്ങനെ പോകുന്നു നിര്‍ദേശങ്ങള്‍.