കാസര്‍കോട് നഗരസഭയില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം വേണമെന്ന കോണ്‍ഗ്രസ് ആവശ്യത്തോട് മുഖം തിരിച്ച് മുസ്‍ലിം ലീഗ്. 38 അംഗ നഗരസഭയില്‍ യുഡിഎഫിന് 24 സീറ്റാണുള്ളത്. ഇതില്‍ മുസ്‍ലിം ലീഗിന് 24 അംഗങ്ങളും കോണ്‍ഗ്രസിന് രണ്ട് അംഗങ്ങളുമുണ്ട്. ഈ സാഹചര്യത്തില്‍ സാമുദായിക സന്തുലിതാവസ്ഥ ഉറപ്പാക്കാന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസിന് നല്‍കണമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ ആവശ്യം.
കഴിഞ്ഞ തവണ കോണ്‍ഗ്രസിന് നഗരസഭയില്‍ അംഗങ്ങളുണ്ടായിരുന്നില്ല. ഇത്തവണ രണ്ട് അംഗങ്ങളെ കോണ്‍ഗ്രസിന് ജയിപ്പിക്കാനായി. വൈസ് ചെയര്‍മാന്‍ സ്ഥാനം എന്ന ആവശ്യം മണ്ഡലം കമ്മിറ്റി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വഴി യുഡിഎഫ് യോഗത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്നാണ് ലീഗിന്‍റെ നിലപാട്.
എന്നാല്‍ കൊച്ചി കോര്‍പ്പറേഷനില്‍ ലീഗിന് ഒരു വര്‍ഷം ഡെപ്യൂട്ടി മേയര്‍ പദവി നല്‍കാന്‍ തീരുമാനിച്ച കോണ്‍ഗ്രസിന്‍റെ സമീപനം കാസര്‍കോട്ടും ഉണ്ടാകണമെന്ന് കാസര്‍കോട് മണ്ഡലം പ്രസിഡന്‍റ് ഷാജിദ് കമ്മാടം ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടു. കൊച്ചിയില്‍ ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ഉണ്ടായിട്ടും മൂന്നു സീറ്റു ജയിച്ച ലീഗിന് ഡെപ്യൂട്ടി മേയര്‍ സ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. സമാനമായ സാഹചര്യം തന്നെയാണ് ഇപ്പോൾ കാസര്‍കോട് മുനിസിപ്പാലിറ്റിയിലും നിലനിൽക്കുന്നതെന്ന് ഷാജിദ് ഫെയ്സ്ബുക്കില്‍ എഴുതി.
എല്ലാ സാമൂഹിക വിഭാഗത്തിൽ നിന്നുള്ളവരെയും ഭരണത്തിൽ പ്രതിനിധിത്വം ഉറപ്പാക്കുന്ന നിർണായക രാഷ്ട്രീയ സന്ദേശമാണ് കാസര്‍കോട് നഗരസഭയില്‍ കോണ്‍ഗ്രസ് ജയിച്ചതിലൂടെ നൽകിയത്. കോൺഗ്രസിന് വൈസ് ചെയർപേഴ്സണൻ സ്ഥാനം നൽകുന്നതിലൂടെ യുഡിഎഫിന് കൂടുതൽ ശക്തമായ രാഷ്ട്രീയ സന്ദേശം നൽകാൻ കഴിയും എന്നും ഷാജിദ് എഴുതി.
നിലവില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 26 നാണ് മേയര്‍ തിരഞ്ഞെടുപ്പ്. കൊച്ചി നഗരസഭയില്‍ 43 സീറ്റാണ് കോണ്‍ഗ്രസിനുള്ളത്. മൂന്ന് സീറ്റുള്ള ലീഗിനാണ് കൊച്ചിയില്‍ കോണ്‍ഗ്രസ് ഒരു വര്‍ഷത്തേക്ക് ഡെപ്യൂട്ടി മേയര്‍ സ്ഥാനം നല്‍കിയത്.