തൃശൂരില്‍ കോര്‍പറേഷനിലും മേയർ തർക്കം. ലാലി ജെയിസിനും ഡോ. നിജി ജസ്റ്റിനും മേയര്‍ സ്ഥാനം പങ്കിടാന്‍ തീരുമാനമായെങ്കിലും ആര് ആദ്യം എന്നതില്‍ തര്‍ക്കം തുടരുകയാണ്. നാലു തവണ ജയിച്ച മുതിര്‍ന്ന അംഗം ലാലി ജയിംസിനെ മേയറാക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെടുമ്പോള്‍ ഡോ. നിജി ജസ്റ്റിനെയാണ് എ.ഐ.സി.സി നേതൃത്വം പിന്തുണയ്ക്കുന്നത്. 26ന് ആണ് മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ്. 

പുതുമുഖം വേണമെന്നാണ് എഐസിസി നേതൃത്വം ആവശ്യപ്പെടുന്നത്. അതിന് അനുയോജ്യമായ കൗൺസിലർ ഡോ. നിജി ജസ്റ്റിനാണെന്നാണ് എഐസിസി നേതൃത്വം മുന്നോട്ടുവെയ്ക്കുന്നത്. കിഴക്കുംപാട്ടുക്കര ഡിവിഷനിൽ നിന്ന് ജയിച്ചുവന്ന നിജി തൃശൂരിലെ പ്രമുഖ ഗൈനക്കോളജിസ്റ്റാണ്. അതേസമയം നാലു തവണ ജയിച്ച ലാലി ജെയിംസിനെ മേയറാക്കണമെന്നാണ് കൗണ്‍സിലര്‍മാര്‍ ജില്ല നേതൃത്വത്തിന് മുന്നില്‍ വച്ച ആവശ്യം. അതുകൊണ്ട് ലാലി ജെയിംസ്ന് മയൂർ ആദ്യഘട്ടത്തിൽ തന്നെ മേയര്‍ ആകണം എന്നാണ് കൗണ്‍സിലര്‍മാര്‍ക്കിടയിലെ അഭിപ്രായം. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ ഇക്കാര്യങ്ങളില്‍ വോട്ടെടുപ്പ് നടന്നിട്ടില്ല. തീരുമാനമെടുക്കാന്‍ ഡിസിസി പ്രസിഡ‍ന്‍റിനെ ചുമതലപ്പെടുത്തി യോഗം പിരിയുകയായിരുന്നു. 

എഐസിസി നേതൃത്വം എന്തു പറയുന്നു എന്നതിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനം നടപ്പിലാകാനാണ് സാധ്യത. അങ്ങനെയങ്കില്‍ എഐസിസി പിന്തുണയുള്ള ഡോ. നിജി ജസ്റ്റിന് ആദ്യഘട്ടത്തില്‍ തൃശ്ശൂർ കോർപ്പറേഷന്‍ മേയറാകും. കൗൺസിലർമാരോടും ജില്ലാ നേതൃത്വത്തോടും ആലോചിച്ച് എഐസിസി നേതൃത്വം തീരുമാനം പുനഃപരിശോധിച്ചാല്‍ മാത്രമെ ലാലി ജെയിംസിലേക്ക് തീരുമാനം മാറുകയുള്ളൂ എന്നതാണ് സൂചന. ഡപ്യൂട്ടി മേയറായി കെ.പി.സി.സി. സെക്രട്ടറി എ.പ്രസാദ് വരും. രണ്ടര വർഷത്തിനു ശേഷം ബൈജു വർഗീസായിരിക്കും ഡപ്യൂട്ടി മേയർ.

ENGLISH SUMMARY:

Thrissur Mayor election sees a dispute over who gets the first term. The Thrissur corporation is in talks to determine who will be appointed first; Lali James or Dr. Niji Justin.