ഇടുക്കി തൊടുപുഴ നഗരസഭ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷം. കെപിസിസി ജനറൽ സെക്രട്ടറി നിഷാ സോമനെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ ലിറ്റി ജോസഫിനെ അധ്യക്ഷ ആക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർമാർ നേതൃത്വത്തിന് കത്ത് നൽകി. അധ്യക്ഷസ്ഥാനത്തിൽ അവകാശവാദം ഉന്നയിച്ച് മുസ്ലിം ലീഗും രംഗത്തെത്തി.
വൻഭൂരിപക്ഷത്തിൽ ആധികാരിക ജയത്തോടെ തൊടുപുഴ നഗരസഭയിൽ യുഡിഎഫ് ജയിച്ച് കയറിയെങ്കിലും അധ്യക്ഷ സ്ഥാനത്തെക്കാരെന്ന തർക്കം പരിഹരിക്കാനായിട്ടില്ല. ഇടതുകോട്ടയിൽ നിന്ന് ജയിച്ച് കയറിയ കെപിസിസി ജനറൽ സെക്രട്ടറി നിഷ സോമനെ അധ്യക്ഷ ആക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ താല്പര്യം. എന്നാൽ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിന് ഇതിൽ അതൃപ്തിയുണ്ട്. പാർലമെന്ററി പാർട്ടി യോഗത്തിൽ കൗൺസിലർമാർ നിഷക്കെതിരെ നിലപാടെടുത്തതോടെ നഗരത്തിൽ പലയിടത്തും നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ ഉയർന്നു. നിഷക്ക് പിന്തുണയുമായി യുവജന സംഘടനകളും രംഗത്തെത്തി
മുൻധാരണ പ്രകാരം ആദ്യ ടേം ഭരണം നൽകണമെന്ന് മുസ്ലിം ലീഗ്. അധ്യക്ഷ സ്ഥാനത്തിൽ അന്തിമ തീരുമാനം വൈകില്ലെന്നാണ് യുഡിഎഫ് ജില്ല നേതൃത്വത്തിന്റെ വിശദീകരണം.