പി.വി.അന്‍വറിനെ കളത്തിലിറക്കി ബേപ്പൂര്‍ യുഡിഎഫ് തിരിച്ചുപിടിക്കുമോ എന്നതില്‍ ആകാംക്ഷ. അന്‍വര്‍ റിയാസിനെതിരെ നടത്തിയ വെല്ലുവിളിയും, ബേപ്പൂരിലെ തദേശ തിരഞ്ഞെടുപ്പ് ഫലവുമാണ് യുഡിഎഫ് ക്യാമ്പിന് പ്രതീക്ഷ നല്‍കുന്നത്.
യുഡിഎഫില്‍ പി.വി. അന്‍വറിനെ അസോഷ്യേറ്റ് അംഗമാക്കിയതിന് പിന്നാലെയാണ് ബേപ്പൂരില്‍ അന്‍വര്‍ മത്സരത്തിന് എത്തുമോയെന്ന രാഷ്ടീയ ആകാംക്ഷക്കും തുടക്കമായിരിക്കുന്നത്. ഇതിന് ബലം നല്‍കി ബേപ്പൂരില്‍ അന്‍വറിനെ സ്വാഗതം ചെയ്ത് ഫ്ലക്സ് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടതോടെ ചര്‍ച്ച കൊഴുത്തു. എന്നാല്‍, ബോര്‍ഡ് വച്ചത് തന്‍റെ അറിവോടെയല്ലെന്ന് അന്‍വര്‍ പറഞ്ഞ് കഴിഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കാലത്ത് മരുമോനിസം തകര്‍ക്കാന്‍ മുഹമ്മദ് റിയാസിനെതിരെ ബേപ്പൂരില്‍ മത്സരിക്കുമെന്ന് അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇത് പറഞ്ഞ് കേട്ടതുമില്ല.
ബേപ്പൂര്‍ എല്‍ഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റായതിനാല്‍ ഇവിടം വിട്ടു നല്‍കാന്‍ കോണ്‍ഗ്രസിലും എതിര്‍പ്പുണ്ടാവില്ല. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ എല്‍ഡിഎഫിന് യുഡിഎഫിനെക്കാള്‍ 1340 വോട്ടിന്‍റെ മൂന്‍തൂക്കം മാത്രമെയുള്ളുവെന്നത് യുഡിഎഫ് ക്യാമ്പിന് ആത്മവിശ്വാസം നല്‍കുന്നു. നിയമസഭ തിരഞ്ഞടുപ്പില്‍ 28,747 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുഹമ്മദ് റിയാസ് ജയിച്ച് കയറിയത്. അന്‍വറിനെ മത്സരിക്കാന്‍ വെല്ലുവിളിച്ച് സിപിഎം സൈബര്‍ പേജുകളും രംഗത്ത് വന്നിട്ടുണ്ട്.