കോഴിക്കോട് താമരശേരിയില്‍ ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാന്‍ ആണ് പിടിയിലായത്. ഷാഹിദ് യുവതിയെ ഉപദ്രവിച്ചത് ലഹരി ഉപയോഗിച്ചാണെന്ന് പൊലിസ് പറഞ്ഞു. ദിവസങ്ങളോളം വീട്ടില്‍ പൂട്ടിയിട്ട് ഭക്ഷണം നല്‍കാതെ മര്‍ദിച്ച ശേഷമാണ് ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചതെന്ന് യുവതി പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതി പുറത്ത് പോയ തക്കം നോക്കി അയല്‍വാസികളുടെ സഹായത്തോടെയാണ് യുവതി രക്ഷപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന യുവതിയുടെ നില ഗുരുതരമാണ്.
ഷാഹിദ് റഹ്മാനുമായി പ്രണയത്തിലായ യുവതി ഒരു വര്‍ഷം മുന്‍പാണ് ഇയാള്‍ക്കൊപ്പം താമസം തുടങ്ങിയത്. ഒപ്പം താമസിച്ചിരുന്ന അമ്മയെ ഒരാഴ്ചമുന്‍പാണ് ഇയാള്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടത്. അതിന് ശേഷമായിരുന്നു പങ്കാളിയെ പൂട്ടിയിട്ടുള്ള ക്രൂരമര്‍ദനം. സംശയരോഗിയായ യുവാവ് എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. ആഹാരം നല്‍കാതെയും ഇസ്തിരിപ്പെട്ടികൊണ്ട് ശരീരം പൊള്ളിക്കുകയും ചെയ്തു.
ഇയാള്‍ വീട്ടില്‍ നിന്ന് പുറത്ത് പോയ സമയമാണ് യുവതി അയല്‍വാസികളുടെ സഹായത്തില്‍ ആശുപത്രിയില്‍ ചികിത്സതേടിയത്. പൊള്ളലേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊള്ളല്‍ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ലഹരിക്കടിമയായ യുവാവിനെ കഴിഞ്ഞ ദിവസവും കോടഞ്ചേരി പൊലീസ് അടിപിടിക്കേസില്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു.