TOPICS COVERED

ബി.ജെ.പിയ്ക്ക് ഭരണം ലഭിച്ച തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍, തൃപ്പൂണിത്തുറ, പാലക്കാട് നഗസഭ അധ്യക്ഷന്മാര്‍ എന്നിവരെ 24 ന്  തീരുമാനിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷം കണ്ണൂരില്‍ ചേരുന്ന സംസ്ഥാന നേതൃയോഗത്തില്‍  തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ചുമതലക്കാരെ നിശ്ചയിക്കും. 26 നാണ് കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ്.

ഭരണംകിട്ടിയ ഇടങ്ങളില്‍ ആര് അധ്യക്ഷനാകും എന്നത് സംബന്ധിച്ച് സസ്പെന്‍സ് നിലനിര്‍ത്തുകയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. 26നാണ് കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുന്നത് എങ്കിലും 24 ന് ചേരുന്ന യോഗത്തില്‍ തിരുവന്തപുരം മേയര്‍, തൃപ്പൂണിത്തുറ, പാലക്കാട് നഗസഭ അധ്യക്ഷന്മാര്‍ എന്നിവരെ തീരുമാനിക്കും.ഇതിന് ചുമതല വഹിക്കേണ്ട സംസ്ഥാന നേതാക്കളെ ഇന്ന് തീരുമാനിക്കും. തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, സംസ്ഥാന വൈസ് പ്രസിഡന്‍റും മുന്‍ ഡി.ജി.പിയുമായ ആര്‍. ശ്രീലേഖ എന്നിവരാണ് പരിഗണനയില്‍. തൃപ്പൂണിത്തുറ നഗരസഭയില്‍  പി.എല്‍ ബാബു ചെയര്‍മാനേയേക്കും. രാധികാ വര്‍മയും പരിഗണനയിലുണ്ട്. തിരുവനന്തപുരത്ത് ഡെപ്യൂട്ടി മേയര്‍സ്ഥാനവും തൃപ്പൂണിത്തുറയില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനവും വനിതകള്‍ക്കാണ്. അതുകൊണ്ടുതന്നെ രണ്ടിടത്തും പ്രധാന രണ്ടുസ്ഥാനങ്ങളിലും വനിതകളെ നിയോഗിക്കാന്‍ സാധ്യതയില്ല. പാലക്കാട് സംസ്ഥാന ട്രഷറര്‍ ഇ. കൃഷ്ണദാസിനാണ് സാധ്യത. പി. സ്മിതേഷും പട്ടികയിലുണ്ട്. ഇവിടെ മറുപക്ഷം എ. സുനില്‍, കെ. ശശികുമാര്‍ എന്നിവരെയാണ് മുന്നോട്ടുവയ്ക്കുന്നത്. സംസ്ഥാന നേതാക്കളുടെ നേരിട്ടുള്ള ചുമതലയിലായിരിക്കും അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും നിശ്ചയിക്കുക.

ENGLISH SUMMARY:

Kerala BJP Municipal Elections focus on selecting leaders for key municipalities. The BJP state leadership is set to decide on the mayors/chairpersons for Thiruvananthapuram, Tripunithura, and Palakkad municipalities by the 24th.