തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് തോറ്റുവെന്നത് കണ്ടുപിടിക്കാന്‍ 22 ചോദ്യങ്ങളുമായി സൂക്ഷമപരിശോധനക്ക് സിപിഎം. വോട്ടു ചേര്‍ത്ത കണക്ക് മുതല്‍ വോട്ട് നഷ്ടപ്പെട്ടത് വരെ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ ചോദ്യവലിയുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. സിപിഎമ്മിന്‍റെയും മുന്നണിയുടെയും പോരായ്മകള്‍ എന്തൊക്കെയാണെന്ന് ആരായുന്ന ചോദ്യാവലിയില്‍ ഭരണവിരുദ്ധവികാരമുണ്ടായിരുന്നോ, ശബരിമല തിരിച്ചടിയായോ തുടങ്ങിയ ചോദ്യങ്ങളില്ല
Also Read: തിരു. കോര്‍പറേഷനിലെ തോല്‍വിക്ക് കാരണം സംഘടനാവീഴ്ച; ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനം
തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം കണ്ടെത്തി തിരുത്തണമെങ്കില്‍ സസൂക്ഷമമായ പരിശോധന വേണമെന്നാണ് സിപിഎം വിലയിരുത്തല്‍. വാര്‍ഡ് തലം മുതലുള്ള പരിശോധനക്കാണ് വിശദമായ ചോദ്യാവലി സിപിഎം തയ്യാറാക്കിയിരിക്കുന്നത് . സംഘടനാപരമായ വീഴ്ചകളും പരാജയത്തിന് കാരണമായിട്ടുണ്ടോ എന്നു മനസിലാക്കാന്‍ കൂടിയാണ് 22 ചോദ്യങ്ങള്‍. എത്രവോട്ടര്‍മാരെ പുതിയതായി ചേര്‍ത്തു? എത്രപേരെ അതില്‍ വോട്ടുചെയ്യിപ്പിച്ചു? ഓരോ വാര്‍ഡിലും വോട്ടിനെ സ്വാധീനിച്ച ഘടകങ്ങള്‍ എന്തായിരുന്നു? പാര്‍ട്ടിയുടെ ദൗര്‍ബല്യങ്ങള്‍ എന്തായിരുന്നു ? എന്നിവയാണ് പാര്‍ട്ടി സ്വയം പരിശോധിക്കേണ്ടവ .
സ്ഥാനാർത്ഥിത്വത്തില്‍ വീഴ്ചയുണ്ടോ ? പൊതു സ്വീകാര്യരായ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ വല്ല പോരായ്മയും സംഭവിച്ചിട്ടുണ്ടോ? മുന്നണിയുടെ പ്രവർത്തനം എങ്ങനെയായിരുന്നു എന്നിവയും പരിശോധിക്കണം . യുഡിഎഫിന്‍റെ പ്രവര്‍ത്തനവും , ബിജെപിയുടെ നിലയും സൂക്ഷമമായി മനസിലാക്കാനും ചോദ്യങ്ങളുണ്ട്. സർക്കാരിന്റെ നവംബറിലെ ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള പ്രഖ്യാപനവുമായി ബന്ധപ്പെട്ട യോഗങ്ങൾ ചേരണമെന്ന പാർട്ടി തീരുമാനം എത്രത്തോളം നടപ്പിലായി എന്നതും ആരാഞ്ഞിട്ടുണ്ട്. താഴെതട്ടില്‍ നിന്ന് ലഭിക്കുന്ന ഈ മറുപടികള്‍ ക്രോഡീകരിച്ചാവും സിപിഎം സംസ്ഥാന സമിതി വിലിയിരുത്തല്‍ നടത്തുക