വി .പ്രിയദർശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആകും . സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിലാണ് തീരുമാനം. കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള അംഗമാണ് പ്രിയദർശിനി . ബി പി മുരളിയെ വൈസ് പ്രസിഡന്റ് ആക്കാനും തീരുമാനിച്ചു. എന്നാൽ വൈകിട്ട് ചേർന്ന തിരുവനന്തപുരം ജില്ലാ ഇടതുമുന്നണി യോഗത്തിൽ വൈസ് പ്രസിഡന്റ് പദവിക്കായി സിപിഐ അവകാശവാദം ഉന്നയിച്ചു.
ഇതോടെ നാളെ സിപിഐയുമായി ഉഭയകക്ഷി ചർച്ച നടത്തി അവരെ ബോധ്യപ്പെടുത്തിയതിനുശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ. സിപിഐ കടുംപിടുത്തത്തിൽ നിൽക്കുകയാണെങ്കിൽ സാമുദായിക സമവാക്യങ്ങളിൽ മാറ്റം വരികയും മറ്റൊരാളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തീരുമാനിക്കുകയും വേണ്ടിവരുമെന്ന് പാർട്ടി നേതാക്കൾ സൂചന നൽകി . തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ സ്ഥാനത്തേക്ക് മത്സരിക്കാനും സിപിഎം തീരുമാനിച്ചു. പുന്നയ്ക്കാമുകൾ കൗൺസിലർ ആർപി ശിവജിയാകും മത്സരിക്കുക. സ്വതന്ത്രരെ പിന്തുണച്ചാൽ യുഡിഎഫും പിന്തുണയ്ക്കുമെന്നും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അത് രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമെന്നുമാണ് സിപിഎം വിലയിരുത്തൽ. യുഡിഎഫും മേയർ സ്ഥാനത്തേക്ക് മത്സരിക്കും