യുഡിഎഫും എല്‍ഡിഎഫും തുല്യനില കൈവരിച്ച കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തില്‍ ഭരണം പിടിക്കുന്നതിനെചൊല്ലി യുഡിഎഫില്‍ തര്‍ക്കം തുടരുന്നു. വിമതന്‍റെ പിന്തുണയില്‍ ഭരണത്തിലേറാമെന്ന് ഡിസിസി കണക്കുകൂട്ടുന്നുണ്ടെങ്കിലും പ്രാദേശിക നേതൃത്വത്തിന്‍റെ എതിര്‍പ്പ് തലവേദനയാവുകയാണ്.
വിമതനായി ജയിച്ചു കയറിയ ജിതിന്‍ പല്ലാട്ടാണ് തിരുവമ്പാടി പഞ്ചായത്തില്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുക. ആകെയുള്ള 19 വാര്‍ഡില്‍ എല്‍ഡിഎഫും യുഡിഎഫും ഒന്‍പത് സീറ്റുകള്‍ വീതം നേടിയതോടെയാണ് ജിതിന്‍റെ നിലപാട് നിര്‍ണായകമായത്. ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജിതിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് പഴങ്കഥയാണെന്നാണ് ഡിസിസിയുടെ ഇപ്പോഴത്തെ വാദം. എന്നും കോണ്‍ഗ്രസിനൊപ്പമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രഖ്യാപിച്ച് മല്‍സരിച്ച ജിതിനെ പ്രസിഡന്‍റാക്കി ഭരണം പിടിക്കുന്നതില്‍ തെറ്റില്ലെന്ന് ഡിസിസി വിലയിരുത്തുന്നു.
എന്നാല്‍ പ്രാദേശിക യുഡിഎഫ് നേതൃത്വം ശക്തമായ എതിര്‍പ്പാണ് ഉന്നയിക്കുന്നത്. വിമതനായി നിന്ന ജിതിനെ തിരിച്ചെടുക്കുന്നത് തെറ്റായ കീഴ് വഴക്കമാകുമെന്നാണ് വാദം. എന്നാല്‍ കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും പൊതു താല്‍പ്പര്യം കണക്കിലെടുത്ത് പ്രശ്നങ്ങളുണ്ടാക്കരുതെന്നാണ് നേതൃത്വത്തിന്‍റെ അഭ്യര്‍ഥന.