പോറ്റിയേ കേറ്റിയേ.. പാട്ടിനെതിരെ കേസ് എടുത്തതിന് പിന്നാലെ പാട്ട് നീക്കാന്‍ പൊലീസ്.  വെബ്സൈറ്റുകളില്‍ നിന്നും യൂട്യൂബില്‍ നിന്നും പാട്ട് പിന്‍വലിക്കാന്‍  ആവശ്യപ്പെട്ട് നോട്ടിസ് നല്‍കും.  മതവിദ്വേഷം വളര്‍ത്തുന്ന ഉള്ളടക്കമെന്ന് നിലപാടിലാണ് പൊലീസ് നീക്കം.  മതവിശ്വാസം തകർക്കാനും വിശ്വാസ സമൂഹത്തെ പരസ്പരം ഇളക്കി വിടാനും ലക്ഷ്യമിട്ടാണ് ഗാനം തയ്യാറാക്കിയതെന്നാണ്  എഫ്.ഐ.ആറില്‍ ആരോപിക്കുന്നത്. കേസില്‍ അണിയറ പ്രവര്‍ത്തകരുടെയും പരാതിക്കാരന്റെയും മൊഴിയെടുക്കും.  

തിരുവനന്തപുരം സൈബർ ക്രൈം പൊലീസിനാണ് അന്വേഷണ ചുമതല. ഗാനം ഷെയർ ചെയ്തവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുന്നുമുണ്ട്. പരാതി സൈബർ ഓപ്പറേഷൻ വിഭാഗം എസ്പിയുടെ നേതൃത്വത്തിൽ പരിശോധിച്ചിരുന്നു. ഗാനത്തിന്റെ വരികൾ അടക്കം പരിശോധിച്ച സൈബർ ഓപ്പറേഷൻസ് ഭാഗം കേസെടുക്കാം എന്ന ശുപാർശയാണ് നൽകിയത്. ഇതിന് പിന്നാലെയാണ് കേസെടുത്തത്. കേരളത്തിലെ സമീപകാല ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗാനത്തിനെതിരെ കേസെടുക്കുന്നത്.  

അതേസമയം പാരഡി ഗാനത്തിനെതിെര സിപിഎമ്മും എല്‍.ഡി.എഫും നിലപാട് എടുത്തിട്ടില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. നിയമപരമായ നടപടിയാണ് നടക്കുന്നത്.  അത് ശരിയോ തെറ്റോ എന്ന് ജനങ്ങള്‍ക്ക് പരിശോധിക്കാമെന്നും ടി.പി രാമകൃഷ്ണന്‍ ഡല്‍ഹിയില്‍ പറഞ്ഞു. പാട്ടിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പരാതി നല്‍കില്ലെന്ന് ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍.പാട്ട് ഇതുവരെ കേട്ടിട്ടില്ല. വിവാദമായ സാഹചര്യത്തില്‍ ഇനി കേള്‍ക്കും.എന്നാല്‍ നിലവിലെ വിവാദങ്ങളോട് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നും കെ.ജയകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

Malayalam song controversy intensifies as police investigate a song for allegedly inciting religious hatred. The police have initiated legal proceedings following complaints and are examining the song's lyrics and social media sharing activity.