മെഴുവേലി പഞ്ചായത്തില്‍ പാര്‍ട്ടി തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന കെ.സി.രാജഗോപാലിന്‍റെ ആരോപണത്തില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം കെ.പ്രകാശ് ബാബു. ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്ന പഴയകാലം മറക്കരുതെന്നും മലര്‍ന്നുകിടന്ന് തുപ്പരുതെന്നും പ്രകാശ് ബാബുവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വി.എസ് പക്ഷത്തുനിന്ന് നിരവധിപേരെ ശിരച്ഛേദം ചെയ്തയാളാണ് രാജഗോപാലെന്നും അനുഭവിക്കുന്നത് അനര്‍ഹര്‍ക്ക് അവസരം നല്‍കിയതിന്‍റെ ഫലമെന്നും പോസ്റ്റില്‍ പ്രകാശ് ബാബു കുറിച്ചു.

ഏത് സംഘടനയുടെ അകത്തും പുറത്തും കാലുവാരലും ചതിയും കുതികാൽ വെട്ടും വഞ്ചനയും പുതിയ കാര്യമൊന്നുമല്ലെന്നും എന്നാല്‍ എത് പത്രക്കാരെ വിളിച്ചു പറയേണ്ടിരുന്നോ എന്നും പ്രകാശ് ബാബും പോസ്റ്റില്‍ ചോദിക്കുന്നുണ്ട്. തന്‍റെ പോരാട്ടവീര്യത്തിനു കുറവു വന്നതുകൊണ്ടല്ല സ്വയം റിട്ടയര്‍ ചെയതതെന്നും മറിച്ച് രാജ്യത്താകെ പ്രസ്ഥാനം വെല്ലുവിളി നേരിടുമ്പോൾ  ഇത്തരം ഉൾപോരാട്ടങ്ങൾക്ക് പ്രസക്തിയില്ലെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണെന്നും പ്രകാശ് ബാബു പറയുന്നു. ‘റിട്ടയർമെന്‍റിന് ശേഷം പാർട്ടി തരുന്നത് എന്താണോ അത് അമൃത് പോലെ സ്വീകരിക്കുക. കിട്ടിയില്ലെങ്കിൽ വേണ്ടെന്നുവക്കുക. നമുക്ക് പാർട്ടിക്ക് ചെയ്യാൻ കഴിയുന്ന സഹായം ചെയ്യുക, ശത്രുക്കളുടെ ആയുധമാകാതിരിക്കുക’ എന്നുംപ്രകാശ് ബാബു കുറിച്ചു.

പഞ്ചായത്ത് പ്രസിഡന്‍റ് സ്വപ്നം പൊലിഞ്ഞതോടെയാണ് സിപിഎമ്മിനെ കടന്നാക്രമിച്ച് മുന്‍ എംഎല്‍എ കൂടിയായ കെ.സി.രാജഗോപാല്‍ രംഗത്തെത്തുന്നത്. തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും മെഴുവേലി പഞ്ചായത്തിലെ ഭരണം അട്ടിമറിച്ചു എന്നുമായിരുന്നു ഏരിയ സെക്രട്ടറിക്കെതിരെയുള്ള രാജഗോപാലിന്‍റെ ആരോപണം. മെഴുവേലി പഞ്ചായത്ത് എട്ടാം വാര്‍ഡിലായിരുന്നു രാജഗോപാല്‍ മല്‍സരിച്ചത്. 150 വോട്ട് ഭൂരിപക്ഷം പ്രതീക്ഷിച്ചിടത്ത് കിട്ടിയത് 28 വോട്ട് ഭൂരിപക്ഷമായിരുന്നു. പ്രസിഡന്‍റ് ആവേണ്ടിയിരുന്ന പഞ്ചായത്തിലെ ഭരണം യുഡിഎഫ് പിടിച്ചെടുത്തു. പിന്നാലെയായിരുന്നു ആരോപണങ്ങള്‍.

കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി.സ്റ്റാലിന്‍ തോല്‍പിക്കാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് വോട്ടിലാണ് താന്‍ ജയിച്ചത്. തുടങ്ങിയവയാണ്  കെ.സി.രാജഗോപാല്‍ ഉന്നയിച്ച ആരോപണങ്ങള്‍. 75 കഴിഞ്ഞപ്പോള്‍ തന്നെ ജില്ലാക്കമ്മിറ്റിയില്‍ ഒഴിവാക്കിയ സമയത്ത് പടക്കം പൊട്ടിച്ച് ആഘോഷിച്ചവരില്‍ ഏരിയ സെക്രട്ടറിയുടെ മകനും ഉണ്ടായിരുന്നു എന്നും രാജഗോപാല്‍ പറയുന്നു. പിന്നാലെ ആരോപണങ്ങള്‍ക്ക് മറുപടി ഇല്ലെന്ന പ്രതികരണവുമായി ഏരിയ സെക്രട്ടറി സ്റ്റാന്‍ലിന്‍ രംഗത്തെത്തി. പരാതിപ്പെടേണ്ടത് പാര്‍ട്ടിയിലായിരുന്നുവെന്നും പ്രതികരിക്കാന്‍ ഇല്ലെന്നുമാണ് ഏരിയ സെക്രട്ടറി പറഞ്ഞത്.

ENGLISH SUMMARY:

Former MLA K.C. Rajagopalan, after losing the Mezhuveli Panchayat President post, accused CPM Area Secretary T.V. Stalin of sabotaging his victory and the party's control over the Panchayat. Reacting strongly to the public outcry, former CPM District Committee member K. Prakash Babu criticized Rajagopalan on Facebook, accusing him of attacking the party publicly and reminding him of his own past actions within the party. Prakash Babu advised the veteran leader to accept what the party offers post-retirement and avoid becoming a tool for the party's enemies. The controversy highlights internal rifts within the CPM in the region following the election loss.