തിരഞ്ഞെടുപ്പില്‍ നഗരസഭയിലുണ്ടായ തിരിച്ചടി പാലക്കാട്ടെ ബിജെപിയിലെ പോര് രൂക്ഷമാക്കും. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയില്‍ ചെയര്‍മാന്‍ സ്ഥാനത്തിനായുള്ള പിടിവലി ശക്തമാണ്. അതേസമയം ശക്തികേന്ദ്രങ്ങളിലെ വിജയംപോലും ഒറ്റയക്കത്തിലുള്ള ഭൂരിപക്ഷത്തില്‍ ഒതുങ്ങിയത് ആര്‍എസ്എസ്.നേതൃത്വത്തെയും അമ്പരപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്താദ്യാമായി താമര വിരിഞ്ഞ പാലക്കാട് പക്ഷേ ഇത്തവണ പ്രതീക്ഷിച്ച വിളവെടുപ്പിനായില്ല ബി.ജെ.പിയ്ക്ക്. 53 അംഗ നഗരസഭയില്‍ 25അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയായാണ്.വിജയിച്ചവരില്‍ പ്രമുഖര്‍ സംസ്ഥാന ട്രഷററായ ഇ.കൃഷ്ണദാസും ജില്ലാ ജനറല്‍ സെക്രട്ടറിയായ പി.സ്മിതേഷുമായണ്.ഇരുവരും ജില്ലയിലെ പാര്‍ട്ടിയെ നിയന്ത്രിക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാറിന്റെ എതിര്‍ ചേരിയിലുള്ളവരാണ്. കൃഷ്ണദാസിനാണ് മുന്‍തൂക്കം കൂടുതല്‍.
പ്രബല കോണ്‍ഗ്രസ് നേതാവിനെ പരാജയപെടുത്തി എത്തിയ സ്മിതേഷും ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മുന്നിലുണ്ട്.മികച്ച സംഘാടകന്‍ കൂടിയായ സ്മിതേഷ് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയ്ക്ക് കാഴ്ചവെച്ച പ്രകടനവും അനുകൂലികള്‍ എടുത്തുകാണിക്കുന്നു. തര്‍ക്കം മുതലെടുത്ത് സമയവായ സ്ഥാനാര്‍ഥിയായി മറ്റൊരു പേര് സി.കൃഷ്ണകുമാര്‍ വിഭാഗം മുന്നോട്ടു വെയ്ക്കാനാണു സാധ്യത. വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് നിലവില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേര് സി.കൃഷ്ണകുമാറിന്റെ ഭാര്യ കൂടിയായ അയ്യപുരം കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിന്റേതാണ്.