തിരുവനന്തപുരം കോര്‍പറേഷനില്‍ മുട്ടട വാര്‍ഡില്‍ യുഡിഎഫിന്‍റെ വൈഷ്ണ സുരേഷിന് അട്ടിമറി ജയം. ഉറച്ച ഇടതുകോട്ടയായ മുട്ടടയില്‍ സിപിഎമ്മിലെ അംശു വാമദേവനാണ് തോറ്റത്. മുട്ടട വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഒടുവില്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൈഷ്ണയുടെ പേര് ഉള്‍പ്പെടുത്തിയത്. കോൺഗ്രസ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്നു വൈഷ്ണ.
1607 വോട്ടുകളാണ് വൈഷ്ണ നേടിയത്. എതിര്‍ സ്ഥാനാര്‍ഥിയായ സിപിഎമ്മിന്‍റെ അഡ്വ. അംശു വാമദേവന്‍ നേടിയത് 1210 വോട്ടുകളാണ്. ബിഡിജെഎസ് സ്ഥാനാര്‍ഥി അജിത് കുമാർ എൽ വിക്ക് നേടാനായത് ആകെ 460 വോട്ടുകള്‍ മാത്രം.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ വൈഷ്ണയുടെ വോട്ട് വെട്ടിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വോട്ടർ പട്ടികയ്ക്കൊപ്പമുള്ള ടി.സി നമ്പർ തെറ്റെന്ന് ആരോപിച്ച് സി.പി.എം നൽകിയ പരാതി അംഗീകരിച്ചാണ് വൈഷ്ണയുടെ വോട്ട് വെട്ടിയത്. എന്നാല്‍ മത്സരിക്കാനുള്ള അവസരം നിഷേധിക്കരുതെന്നും രാഷ്ട്രീയകാരണത്താൽ ഒഴിവാക്കുകയല്ല വേണ്ടതെന്നുമായിരുന്നു ഹൈക്കോടതി നിലപാട്. പിന്നാലെയാണ് വൈഷ്ണ തിരഞ്ഞെടുപ്പ് ഗോദയില്‍ കളം നിറഞ്ഞത്.
വൈഷ്ണയുടെ വോട്ട് വെട്ടാന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ ഇടപെട്ടു എന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആരോപണം.