തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ഞെട്ടിച്ച് തിരുവനന്തപുരം കോര്‍പറേഷന്‍. ആര്യാ രാജേന്ദ്രന്‍ മേയറായിരുന്ന തിരുവന്തപുരത്ത് ചരിത്ര നേട്ടവുമായാണ് എന്‍ഡിഎ ഭരണത്തിലേക്ക് എത്തുന്നത്. സംസ്ഥാന  ചരിത്രത്തില്‍ ആദ്യമായാണ് കോര്‍പറേഷന്‍ ഭരണത്തില്‍ എന്‍ഡിഎ എത്തുന്നത്.  ഫലം വന്ന  50 സീറ്റുകളില്‍ എന്‍ഡിഎ വിജയിച്ചപ്പോള്‍ 29 ലേക്ക് എല്‍ഡിഎഫ് ചുരുങ്ങി. 19 ഇടത്താണ് യുഡിഎഫിന് ജയിക്കാനായത്. രണ്ട് സ്വതന്ത്രരും ജയിച്ചിട്ടുണ്ട്. 

കോര്‍പറേഷനില്‍ വന്‍ തിരിച്ചടിയേറ്റതിന്  പിന്നാലെ മേയര്‍ ആര്യ രാജേന്ദ്രനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 'അധികാരത്തില്‍ തന്നെക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും മുകളിലുള്ളവരോ അതിവിനയവും ഉള്‍പ്പടെ കരിയര്‍ ബില്‍ഡിങിനുള്ള കോക്കസാക്കി സ്വന്തം ഓഫിസിനെ  മാറ്റിയതാണ് തിരിച്ചടിക്ക് കാരണമെന്ന്  വഞ്ചിയൂര്‍ മുന്‍ കൗണ്‍സിലര്‍ ഗായത്രി ബാബു തുറന്നടിച്ചു. കാണാന്‍ വന്ന ജനങ്ങളെ കാണാന്‍ കൂട്ടാക്കിയിരുന്നുവെങ്കില്‍, പ്രാദേശിക സഖാക്കളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായിരുന്നുവെങ്കില്‍ ഇത്ര വലിയ തിരിച്ചടിയുണ്ടാകില്ലായിരുന്നുവെന്നും ഗായതി ഫെയ്സ്ബുക്കില്‍ കുറിച്ചു. കോര്‍പറേഷനില്‍ എല്‍ഡിഎഫ് ജയിച്ച വാര്‍ഡുകളെല്ലാം വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഏത് തിരിച്ചടിയിലും ഇടതുപക്ഷത്തെ ചേര്‍ത്തുപിടിച്ച കോര്‍പറേഷനാണിന്ന് കൈവിട്ടുപോയിരിക്കുന്നതെന്നും അവര്‍ എഴുതി. ജനകീയ പ്രവര്‍ത്തനത്തിലൂടെ ഇടതുപക്ഷം തിരിച്ചുവരുമെന്നും ഗായത്രി കുറിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം  പുറത്തുവന്നപ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗം. നാല് കോര്‍പറേഷനുകളില്‍ യുഡിഎഫ് അധികാരത്തിലേക്ക്. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും യുഡിഎഫ് വന്‍ മുന്നേറ്റമുണ്ടാക്കി. ഉറച്ചകോട്ടകളില്‍ എല്‍ഡിഎഫിന് കാലിടറി. സൂക്ഷ്മമായി ജനവിധി പരിശോധിക്കുമെന്നും തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തുമെന്നുമായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍റെ പ്രതികരണം. ടീം യുഡിഎഫിന്‍റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു. അടുത്തമഹായുദ്ധത്തിന് ജനം നല്‍കിയ ഇന്ധനമാണിതനെന്നും വര്‍ഗീയ പ്രീണനം എല്‍ഡിഎഫിന് തിരിച്ചടിയായെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ENGLISH SUMMARY:

The BJP has made history by winning the Thiruvananthapuram Corporation, securing 50 seats, shrinking the LDF to just 29 seats and the UDF to 19. This marks the first time the NDA has taken control of a Corporation in Kerala. Following the defeat, criticism arose against former Mayor Arya Rajendran, with ex-Councillor Gayatri Babu attributing the setback to her perceived arrogance and career-building focus over public engagement. Statewide, the UDF registered a wave of success, winning four Corporations and making significant gains in Grama Panchayats and Municipalities, leading to the collapse of LDF strongholds. LDF Convener T. P. Ramakrishnan promised a detailed examination of the mandate, while Opposition Leader V. D. Satheesan hailed the victory as a success for 'Team UDF,' calling it fuel for the next major election and blaming LDF's communal appeasement for their defeat.