ബസ്സിന്റെ പെര്‍മിറ്റിനെച്ചൊല്ലി ഗതാഗത വകുപ്പിനോട് ഏറ്റുമുട്ടി സുപ്രീംകോടതിവരെ പോയ റോബിന്‍ ബസ് ഉടമയ്ക്ക് തോല്‍വി. കോട്ടയം മേലുകാവ് പഞ്ചായത്തില്‍ നിന്നും ജനവിധി തേടിയ ബേബി ഗിരീഷ് എന്ന റോബിന്‍ ഗിരീഷാണ് തോറ്റത്. മേലുകാവ് പഞ്ചായത്തിലെ ഇടമറുക് എട്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായാണു ഗിരീഷ് മത്സരിച്ചത്. എൽഡിഎഫ് സ്ഥാനാർഥി ജെറ്റോ ജോസ് ആണ് ഇവിടെ ജയിച്ചത്. പോസ്റ്ററുകളും ഫ്ലെക്സും ഒഴിവാക്കി ഡിജിറ്റൽ പ്രചാരണം മാത്രമേ നടത്തുകയുള്ളൂവെന്ന് പറഞ്ഞാണ് ഗിരീഷ് മല്‍സരിക്കാനിറങ്ങിയത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്നും മന്ത്രി ഗണേഷ് കുമാറിന്റെ മണ്ഡലമായ പത്തനാപുരത്ത് മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും ഗിരീഷ് പറഞ്ഞിരുന്നു.
തുടര്‍ച്ചയായ പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ റോബിന്‍ ബസിന് നിരവധി തവണ പിഴയിട്ടത്. കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്ക് ആളെ കയറ്റാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍ ഓള്‍ ഇന്ത്യ പെര്‍മിറ്റ് ചട്ടങ്ങള്‍ പ്രകാരം സര്‍വീസ് നടത്താനും ബോര്‍ഡ് വെച്ച് ആളെ കയറ്റാനും അവകാശമുണ്ടെന്ന് വാദിച്ച് ഗിരീഷ് നിരന്തരം നിയമപോരാട്ടം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ കോടതിയിലെത്തിയതോടെ റോബിന്‍ ബസിന്റേത് നിയമലംഘനമാണെന്ന കെ.എസ്.ആര്‍.ടി.സിയുടെ വാദം കോടതി അംഗീകരിച്ചു. കോണ്‍ട്രാക്റ്റ് കാര്യേജ് ബസുകള്‍ക്ക് ബോര്‍ഡ് വച്ച് ആളെ കയറ്റാന്‍ അനുവാദമില്ലെന്നും കോടതി പറഞ്ഞു.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന പ്രകടനവുമായി യുഡിഎഫ് മുന്നേറുകയാണ്. തൃശൂര്‍ കൊച്ചി കോര്‍പറേഷനുകള്‍ തിരിച്ചുപിടിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ നിലനിര്‍ത്തുമെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊല്ലത്തും യുഡിഎഫ് മുന്നേറ്റമാണ്. ഗ്രാമപഞ്ചായത്തുകളിലെ 835 വാര്‍ഡുകളില്‍ 618 ഇടത്ത് എല്‍ഡിഎഫും 149 ഇടത്ത് എന്‍ഡിഎയും 139 ഇടത്ത് മറ്റുള്ളവരും ജയിച്ചു. ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിനാണ് നേരിയ മുന്നേറ്റം. മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിന്‍റെ ആധിപത്യമാണ് വെളിവാകുന്നത്. 1026 വാര്‍ഡുകളില്‍ യുഡിഎഫ് ജയിച്ചപ്പോള്‍ 689 ഇടത്താണ് എല്‍ഡിഎഫ് ജയിച്ചത്. എന്‍ഡിഎ 217 ഇടത്തും മറ്റുള്ളവര്‍ 238 സീറ്റുകളിലും ജയിച്ചു.