തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം തുടരവേ വോട്ടർമാർക്കും സ്ഥാനാർഥികൾക്കും ആശംസകള്‍ നേര്‍ന്ന് രമേഷ് പിഷാരടി. അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകളെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികളെന്നും രമേഷ് പിഷാരടി പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. അഴിമതി ഭരണത്തിനെതിരെ ജനമുണരുന്നൂ എന്ന് കുറിച്ച് രമേശ് ചെന്നിത്തലയും ഫെയ്സ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
നേരത്തേ ഫെയ്സ്ബുക്ക് പോസ്റ്റുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തെത്തിയിരുന്നു. ജനം പ്രബുദ്ധരാണെന്നും എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, എത്ര മറച്ചാലും അവർ കാണേണ്ടത് അവർ കാണുക തന്നെ ചെയ്യും എന്നാണ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഒളിവ് അവസാനിപ്പിച്ചതിന് ശേഷം വരുന്ന രാഹുലിന്‍റെ ആദ്യ പോസ്റ്റ് കൂടിയാണിത്.
അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപറേഷന്‍, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെല്ലാം യുഡിഎഫ് ആധിപത്യം തുടരുകയാണ്. ഉറച്ച കോട്ടകള്‍ കൈവിട്ടതോടെ എല്‍ഡിഎഫിന് കാലിടറി. കോഴിക്കോട് കോര്‍പ്പറേഷന്‍ മാത്രമാണ് നിലവില്‍ എല്‍ഡിഎഫിന് മുന്നേറ്റമുള്ളത്. കൊല്ലത്തും തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും വന്‍ തിരിച്ചടിയാണ് നേരിട്ടത്. അതേസമയം, ഗ്രാമപഞ്ചായത്തുകളിലെ 2186വാര്‍ഡുകളിലും ബ്ലോക്കിലെ 76 വാര്‍ഡുകളിലും മുനിസിപ്പാലിറ്റിയിലെ 1333 വാര്‍ഡുകളിലും യുഡിഎഫ് ജയിച്ചു.