കൂടെ നടന്ന് കുതികാല്‍വെട്ടുക എന്നതിന്‍റെ പൊരുള്‍ തിരിച്ചറിയണമെങ്കില്‍ മണ്ണാര്‍ക്കാട്ടേക്ക് ഒന്നിറങ്ങിയാല്‍ മതി. നഗരസഭ ഒന്നാം വാര്‍ഡായ കുന്തിപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് ഖാന്‍ പറയും ബാക്കി കഥ. എല്‍ഡിഎഫ് സ്വന്തന്ത്രനായിരുന്നു ഫിറോസ് ഖാന്‍. കിട്ടിയത് ഒരേ ഒരോട്ട്. ചുരുക്കിപ്പറഞ്ഞാല്‍ സ്വന്തം വോട്ട് മാത്രം. അപ്പോള്‍ പിന്നെ നാമനിര്‍ദേശ പത്രികില്‍ പിന്തുണച്ചവരും, മുന്നണി സ്ഥാനാര്‍ഥിയായി നിശ്ചയിച്ചവരുമെല്ലാം എവിടെ പോയിരിക്കും. ഫിറോസ് ഖാനെ കാണുമ്പോള്‍ എങ്ങിനെ ഇവര്‍ മുഖത്തു നോക്കുമെന്നതും ചോദ്യമാണ്. ഒരോട്ടുകൂടി വീണിരുന്നെങ്കില്‍ അത് തന്‍റേതാണെന്ന് ഒപ്പമുണ്ടായിരുന്നവര്‍ക്ക് അവകാശം പറയാമായിരുന്നു. ഇവിടെയിപ്പോള്‍ അതും കഴിയില്ല.
യുഡിഎഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ കെ.സി.അബ്ദുറഹ്മാന്‍ 301 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വാര്‍ഡില്‍ വിജയിച്ചത്. വെൽഫയർ പാർട്ടിയുടെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി സിദിഖ് 179 വോട്ട് പിടിച്ചു. മറ്റൊരു സ്വതന്ത്ര സ്ഥാനാർഥി ഫൈസൽ കുന്തിപ്പുഴ 65 വോട്ടും നേടി. സ്വതന്ത്ര സ്ഥാനാർഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ പോലും നേടാനാകാതെ ഒരു വോട്ടിലേക്ക് ചുരുങ്ങിയതിന്‍റെ ഞെട്ടലില്‍ നിന്ന് ഇനിയും മോചിതനല്ല എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഒപ്പം നിന്നവര്‍ പോലും വോട്ടു ചെയ്യാത്തതിനാല്‍ മുന്നണി നേതൃത്വത്തിന് എന്തായാലും ഞെട്ടലൊന്നുമില്ല.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉടനീളം വന്‍ തിരിച്ചടിയാണ് എല്‍ഡിഎഫ് നേരിട്ടത്. ഉറച്ച കോട്ടകള്‍ പോലും കൈവിട്ടതോടെ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോര്‍പറേഷനുകളിലും എല്‍ഡിഎഫിന് കാലിടറി. കോഴിക്കോട് കോര്‍പ്പറേഷനില്‍ മാത്രമാണ് നിലവില്‍ എല്‍ഡിഎഫിന് മുന്നേറ്റമുള്ളത്. കൊല്ലത്തും തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും വന്‍ തിരിച്ചടിയാണ് നേരിട്ടത്.