തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കവടിയാര്‍ വാര്‍ഡില്‍നിന്നും മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുൻ എംഎൽഎ അഡ്വ. കെ.എസ്.ശബരിനാഥന് ജയം. സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാർഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാർഡും കോൺഗ്രസിന്റെ സിറ്റിങ് സീറ്റുമായ കവടിയാറിൽ മത്സരിച്ചത്. കോൺഗ്രസിന്റെ മേയർ സ്ഥാനാർഥിയാണ് ശബരീനാഥന്‍.

2005ൽ സിഇടിയിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശബരീനാഥൻ, പിതാവ് ജി. കാർത്തികേയന്റെ നിര്യാണത്തെ തുടർന്നാണ് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. 2015ലെ ഉപതിരഞ്ഞെടുപ്പിൽ അരുവിക്കര നിയോജകമണ്ഡലത്തിൽ എം.വിജയകുമാറിനെ 10,128 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2016ലും വിജയം ആവർത്തിച്ചെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം കെപിസിസി പുനസംഘടനയിൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി.

അതേസമയം, തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം വാർഡില്‍ ബിജെപി സ്ഥാനാർഥിയായ മുൻ ഡിജിപി ആർ.ശ്രീലേഖ ജയിച്ചു. കവടിയാർ‌ കഴിഞ്ഞാൽ നഗരത്തിൽ ഏറ്റവുമധികം ഉപരിവർഗ വോട്ടർമാരുള്ള വാർഡുകളിലൊന്നാണ് ശാസ്തമംഗലം. തലസ്ഥാനത്തെ ബി.ജെ.പിയുടെ സര്‍പ്രൈസ് പ്രഖ്യാപനമായിരുന്നു ശ്രീലേഖയുടെ സ്ഥാനാര്‍ഥിത്വം. മേയറെന്ന സാധ്യത പോലും തള്ളാതെയായിയുന്നു ശ്രീലേഖയുടെ പ്രചാരണം. നിലവില്‍ ബി.ജെ.പിയുടെ വാര്‍ഡാണ് ശാസ്തമംഗലം. നിലവില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിയാണ് മുന്നേറുന്നത്. 31 ഇടത്താണ് ബിജെപിക്ക് ലീഡ്. 19 ഇടത്ത് എല്‍ഡിഎഫും 14 ഇടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. 

ENGLISH SUMMARY:

KS Sabarinadhan wins Kavadiar Ward in Thiruvananthapuram Corporation election. The Congress leader contested from Kavadiar as Shasthamanagalam was reserved for women; BJP leader Sreelekha won from the Shasthamanagalam ward.