സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ തിരുവനന്തപുരത്ത് എല്‍ഡിഎഫിന് മേല്‍ക്കൈ. മുട്ടറ, വലിയതുറ ഡിവിഷണനുകളില്‍ എല്‍ഡിഎഫിന് ലീഡ്. അതേസമയം വലിയവിളയില്‍ ബിജെപിക്കാണ് പ്രാഥമിക ലീഡ്. കൊല്ലം കോഴിക്കോട് കോര്‍പറേഷനുകളില്‍ എല്‍ഡിഎഫിനാണ് ലീഡ്. കൊച്ചി കോര്‍പറേഷനില്‍ കനത്ത പോരാണെന്ന് ആദ്യ സൂചനകള്‍. യുഡിഎഫ് മൂന്ന്, എല്‍ഡിഎഫ് രണ്ട് എന്നിങ്ങനെയാണ് നിലവിലെ ലീഡ്. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി ഫലം വേഗത്തിലറിയാന്‍ കഴിയും. ഗ്രാമപഞ്ചായത്ത് ഫലങ്ങളും ആദ്യഘട്ടത്തില്‍ അറിയാം. അതിനിടെ ഏജന്‍റുമാരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പലയിടത്തം തര്‍ക്കം. പാലക്കാട് നഗരസഭാ ഹാളിന് പുറത്തും എറണാകുളം ചുങ്ങണംവേലിയിലുമാണ് ബഹളം. ബൂത്ത് ഏജന്‍റുമാരെയടക്കം കയറ്റുന്നില്ലെന്നാണ് പരാതി.
ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ ഒരേ സമയം ഒരു മേശയിലാകും നടക്കുക. ഒരേ ഇലക്ട്രോണിക് യന്ത്രത്തിന്‍റെ കണ്‍ട്രോള്‍ യൂണിറ്റിലാണ് മൂന്ന് ഫലങ്ങളും. ഗ്രാമപ്പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ ബൂത്തുരളുടെയും വോട്ടെണ്ണല്‍ ഒരു മേശയില്‍ കൗണ്ടിങ് സൂപ്പര്‍വൈസറുടെ മേല്‍നോട്ടത്തില്‍ നടക്കും. ഒന്നാം വാര്‍ഡുമുതല്‍ എന്ന ക്രമത്തിലാകും യൂണിറ്റുകള്‍ മേശയിലേക്ക് എത്തിക്കുക.
രണ്ട് ബൂത്തുകളിലെ ഫലം രേഖപ്പെടുത്തിക്കഴിയുന്നതോടെ വാര്‍ഡിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. ഈ വാര്‍ഡ് ഉള്‍പ്പെടുന്ന ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയ വോട്ട് ഇതേസമയം രേഖപ്പെടുത്തി കൃത്യമായ ഇടവേളകളില്‍ അതിന് സമീപത്തെ ഹാളിലുള്ള ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് കൈമാറും. ജില്ലാപഞ്ചായത്ത് വരണാധികാരി കലക്ടര്‍ ആയതിനാല്‍ അവര്‍ക്കും രേഖപ്പെടുത്തിയ ഫലം എത്തിക്കും. ഇതിനൊപ്പം തന്നെ TREND സോഫ്റ്റ്വെയറിലും ഫലം അപ്ലോഡ് ചെയ്യും. ഇതോടെ പൊതുജനങ്ങള്‍ക്കും കൃത്യസമയത്ത് ഫലം അറിയാം.