തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി കിട്ടിയ പശ്ചാത്തലത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റുമായി ബിനീഷ് കോടിയേരി.
ഒരു തെരഞ്ഞെടുപ്പിൽ ലഭിക്കുന്ന വോട്ടുകളോ സീറ്റുകളോ അല്ല ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസക്തിയും സ്വാധീനവും നിശ്ചയിക്കുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
"തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നിരാശയോ, വിജയിച്ചാൽ അമിതാഹ്ളാദമോ കമ്മ്യൂണിസ്റ്റ്കാർക്ക് ഉണ്ടാകരുത്, ഉണ്ടാകാൻ പാടില്ല.
കാരണം, തിരഞ്ഞെടുപ്പ് അവരെ സംബന്ധിച്ചിടത്തോളം മറ്റേതൊരു രാഷ്ട്രീയ സമരം പോലെ തന്നെയാണ്. കമ്യൂണിസ്റ്റ്കാരന്റെ ദൗത്യം തെരഞ്ഞെടുപ്പിനും അപ്പുറത്തേക്ക് അനീതിക്കും ചൂഷണത്തിനുമെതിരായ സംഘം ചേരലാണ്, നിരന്തരമായ പോരാട്ടമാണ്. സഖാക്കളെ ,മുന്നോട്ട്. ..അതെ., വീണ്ടും പോരാട്ടം തുടരും" - ബിനീഷ് കുറിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ തിരിച്ചടിയാണുണ്ടായത്. ഉറച്ച കോട്ടകള്‍ കൈവിട്ടതോടെ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോര്‍പറേഷനുകളിലും എല്‍ഡിഎഫിന് കാലിടറി. കോഴിക്കോട് കോര്‍പ്പറേഷന്‍ മാത്രമാണ് നിലവില്‍ എല്‍ഡിഎഫിന് മുന്നേറ്റമുള്ളത്. കൊല്ലത്തും തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും വന്‍ തിരിച്ചടിയാണ് നേരിട്ടത്. കൊല്ലത്ത് മേയര്‍ ഹണി ബെഞ്ചമിന്‍ തോറ്റു. മുന്‍ മേയര്‍ രാജേന്ദ്രബാബുവും തോറ്റു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ഞെട്ടിച്ചത് തിരുവനന്തപുരം കോര്‍പറേഷനാണ്. ആര്യാ രാജേന്ദ്രന്‍ മേയറായിരുന്ന തിരുവന്തപുരത്ത് ചരിത്ര നേട്ടവുമായാണ് എന്‍ഡിഎ ഭരണത്തിലേക്ക് എത്തുന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് കോര്‍പറേഷന്‍ ഭരണത്തില്‍ എന്‍ഡിഎ എത്തുന്നത്. ഫലം വന്ന 50 സീറ്റുകളില്‍ എന്‍ഡിഎ വിജയിച്ചപ്പോള്‍ 29 ലേക്ക് എല്‍ഡിഎഫ് ചുരുങ്ങി. 19 ഇടത്താണ് യുഡിഎഫിന് ജയിക്കാനായത്. രണ്ട് സ്വതന്ത്രരും ജയിച്ചിട്ടുണ്ട്.