കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് പരാജയത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെ വിമര്‍ശിച്ച് നിലവിലെ കൗണ്‍സിലറും സിപിഎം പ്രവര്‍ത്തകയുമായി ഗായത്രി ബാബു. ആര്യയുടെ പ്രവര്‍ത്തന ശൈലിക്കെതിരേ രൂക്ഷവിമര്‍ശനമാണ് ഗായത്രി ബാബു ഉന്നയിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് മുന്നണിയുടെ ജനകീയതയില്ലാതായെന്ന് ഗായത്രി ബാബു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു. പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചു.
'കോര്‍പ്പറേഷന്‍ ജനങ്ങളോട് ഏറ്റവും അടുത്തുനില്‍ക്കുന്ന സംവിധാനമാണ്. ജനങ്ങളോട് ഇഴുകിചേര്‍ന്നുവേണം പ്രവര്‍ത്തിക്കാന്‍. ഏത് മുക്കിലും സധൈര്യം ഇറങ്ങി ചെല്ലാന്‍ മുന്‍പുള്ള മേയര്‍മാര്‍ക്കും അവരുണ്ടാക്കി ടീമിനും കഴിഞ്ഞിരുന്നത് ഈ ജൈവ നാഡി ബന്ധത്തിലാണ്. ആ ജനകീയതയാണ് നഗരത്തിലെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ എല്‍ഡിഎഫിനെ മുന്നോട്ടുനയിച്ചിരുന്നത്. ഇക്കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് ഈ ജനകീയതയാണ് ഇല്ലാതാക്കിയത്', ഗായത്രി ബാബു കുറിച്ചു.
'പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവവും അധികാരപരമായി തന്നേക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോള്‍ മാത്രമുള്ള അതിവിനയവും ഉള്‍പ്പെടെ, കരിയര്‍ ബില്‍ഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റിയെടുത്ത സമയം, തന്നെ കാണാന്‍ പുറത്തുവന്നിരിക്കുന്ന നാലാളെ കാണാന്‍ കൂട്ടാക്കിയിരുന്നെങ്കില്‍ പ്രാദേശിക നേതാക്കളുടേയും സഖാക്കളുടേയും ആവശ്യങ്ങള്‍ കേള്‍ക്കാനുള്ള പരിഗണനയെങ്കിലും കാണിച്ചിരുന്നെങ്കില്‍ കൗണ്‍സിലിനുള്ളില്‍ തന്നെ ഒരു നല്ല ടീം ഉണ്ടാക്കിയെടുത്തിരുന്നെങ്കില്‍ കുറഞ്ഞപക്ഷം ഇത്ര കനത്തിലാകുമായിരുന്നില്ല തിരിച്ചടി', ഗായത്രി കൂട്ടിച്ചേര്‍ത്തു.